രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖ‌ർഗെ , കെ സി വേണുഗോപാൽ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

ദില്ലി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിലെ റിഡ്ജ് മൈതാനത്ത് രാവിലെ 12 മണിക്കാണ് ചടങ്ങ്. സുഖുവും ഉപമുഖ്യമന്ത്രിയാകുന്ന മുകേഷ് അഗ്നിഹോത്രിയും മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക. 

മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കും. രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖ‌ർഗെ , കെ സി വേണുഗോപാൽ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ രാത്രിതന്നെ സുഖുവിന്റെ നേതൃത്ത്വത്തിൽ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടിയിരുന്നു.

അതേസമയം മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തർക്കം തുടരുകയാണ്. പ്രതിഭ സിംഗാണ് പ്രധാനമായും രംഗത്തുള്ളത്. എഐസിസി നേതാക്കൾ ഇവരോട് സംസാരിക്കും. മുകേഷ് അഗ്നിഹോത്രിയെ അംഗീകരിക്കുന്നുണ്ടെങ്കിലും സുഖുവിന്റെ കാര്യത്തിലാണ് പ്രതിഭയ്ക്ക് അതൃപ്തി. എംഎൽഎമാരുടെ വികാരം അവഗണിക്കാനാവില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം കൂടുതൽ ചർച്ച നടക്കും.

മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. അതേ സമയം, പ്രതിഭാ സിംഗിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവ‍ര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. ഇവരെ ഏത് രീതിയിലാകും അനുനയിപ്പിക്കുകയെന്നതിൽ വ്യക്തതയായിട്ടില്ല. 

സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്ന് നാലാം തവണയും വിജയിച്ചാണ് സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയാകുന്നത്. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുഖുവിന്റെ വിജയം. ഈ തെരഞ്ഞെടുപ്പിൽ പ്രചാരണ സമിതി തലവനായിരുന്ന സുഖു പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള തന്ത്രങ്ങൾ മെനഞ്ഞ് ഹിമാചലിലെ കോൺഗ്രസ് പടയെ വിജയത്തിലേക്ക് നയിച്ചു.

40 വർഷമായി ഹിമാചൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം നേതൃത്ത്വത്തിനും ജനങ്ങൾക്കും പ്രിയങ്കരനാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമേ ഉയർന്ന പേര് സുഖുവിന്റേതായിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം 21 എംഎൽഎമാരുമായി യോഗവും സുഖു നടത്തിയിരുന്നു. ലോവർ ഹിമാചൽ പ്രദേശിൽപെട്ട സിർമൗ‌ർ, ഹമിർപു‌ർ, ബിലാസ്പൂർ, സോലൻ തുടങ്ങിയ ജില്ലകളിൽ നിർണായക സ്വാധീനമുള്ള നേതാവാണ് സുഖു.