Asianet News MalayalamAsianet News Malayalam

7000 കാറുകൾ, സ്വർണം പൂശിയ കൂറ്റൻ കൊട്ടാരം; നരേന്ദ്ര മോദി സന്ദർശിക്കുന്ന രാജ്യത്തിന്റെ തലവൻ കോടീശ്വരൻ

ലോകത്തിലെ ഏറ്റവും വലിയ പാർപ്പിട കൊട്ടാരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഇസ്താന നൂറുൽ ഇമാൻ കൊട്ടാരത്തിലാണ് സുൽത്താൻ താമസിക്കുന്നത്. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഇത് 22 കാരറ്റ് സ്വർണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

Sultan Of Brunei, Owner Of Over 7,000 Cars, PM Modi meets
Author
First Published Sep 3, 2024, 4:00 PM IST | Last Updated Sep 3, 2024, 4:48 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയുടെ ഭരണാധികാരി ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രൂണെയിൽ എത്തും. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വർഷത്തെ നയതന്ത്ര ബന്ധത്തെ അനുസ്മരിക്കാനുമാണ് രണ്ട് ദിവസത്തെ സന്ദർശനം ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ രാജാവായ സുൽത്താൻ ഹസ്സനൽ ബോൾകിയ. അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി ബ്രൂണെയിലെത്തിയത്. വമ്പൻ സമ്പത്തിനും ആഡംബര ജീവിതശൈലിക്കും പേരുകേട്ട ഹസ്സനൽ ബോൾകിയയുടെ കൈയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരമുള്ളത്. 500 കോടി ഡോളർ മൂല്യം വരുന്നതാണ് അദ്ദേഹത്തിന്റെ കാർ ശേഖരം.  

30 ബില്യൺ ഡോളറിൻ്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്.  പ്രധാനമായും ബ്രൂണെയുടെ എണ്ണ, വാതക ശേഖരത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ സമ്പത്ത്. ഏകദേശം 600 റോൾസ് റോയ്‌സ് കാറുകൾ മാത്രം ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. കാറുകളുടെ ശേഖരത്തിൽ ​ഗിന്നസ് റെക്കോർഡിനുടമയാണ് ബോൾകിയ. 450 ഫെരാരി, 380 ബെൻ്റ്ലി, പോർഷെ, ലംബോർഗിനി, മെയ്ബാക്ക്, ജാഗ്വാർ, ബിഎംഡബ്ല്യു, മക്ലാരൻസ് എന്നീ കാറുകളും ശേഖരത്തിൽ ഉൾപ്പെടുന്നുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. 

ഏകദേശം 80 മില്യൺ ഡോളർ വിലമതിക്കുന്ന ബെൻ്റ്‌ലി ഡോമിനാർ എസ്‌യുവി, ഹൊറൈസൺ ബ്ലൂ പെയിൻ്റ് ഉള്ള ഒരു പോർഷെ 911, X88 പവർ പാക്കേജ്, 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്സ് സിൽവർ സ്പർ II എന്നിവയാണ് ഹസ്സനൽ ബോൾകിയയുടെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ വാഹനങ്ങൾ. ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്‌ത സ്വർണം സൺറൂഫുള്ള റോൾസ് റോയ്‌സാണ് ഏറ്റവും വലിയ ആകർഷണം. 2007-ൽ തൻ്റെ മകൾ രാജകുമാരി മജീദയുടെ വിവാഹത്തിനായാണ് ഈ കാർ സ്വന്തമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ പാർപ്പിട കൊട്ടാരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഇസ്താന നൂറുൽ ഇമാൻ കൊട്ടാരത്തിലാണ് സുൽത്താൻ താമസിക്കുന്നത്. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഇത് 22 കാരറ്റ് സ്വർണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അഞ്ച് നീന്തൽക്കുളങ്ങൾ, 1,700 കിടപ്പുമുറികൾ, 257 കുളിമുറികൾ, 110 ഗാരേജുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് കൊട്ടാരം. 30 ബംഗാൾ കടുവകളെയും വിവിധയിനം പക്ഷികളെയും പാർപ്പിക്കുന്ന സ്വകാര്യ മൃഗശാലയും ബോയിംഗ് 747 വിമാനവും  സുൽത്താന് സ്വന്തമായുണ്ട്.  

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios