പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്‍റെ 15 മാസം പ്രായമുള്ള പേരക്കുട്ടി പുലർത്തുന്ന ആരാധനയെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടൻ സുനിൽ ഷെട്ടി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്‍റെ 15 മാസം പ്രായമുള്ള പേരക്കുട്ടി (നടിയായ അതിയ ഷെട്ടിയുടെയും ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്‍റെയും മകൾ ഇവാര) പുലർത്തുന്ന ആരാധനയെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടൻ സുനിൽ ഷെട്ടി. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് നടൻ ഈ കാര്യം പങ്കുവെച്ചത്. താൻ രാഷ്ട്രീയ പാർട്ടിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒരു മികച്ച നേതാവ് എന്ന നിലയിലാണ് നരേന്ദ്ര മോദിയുടെ വലിയ ആരാധകനായതെന്ന് സുനിൽ ഷെട്ടി അഭിമുഖത്തിൽ വ്യക്തമാക്കി. തുടർന്ന് തന്റെ പേരക്കുട്ടി മോദിയോടുള്ള ഇഷ്ടത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
"നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും, എന്‍റെ കൊച്ചുമകൾക്ക് ഇപ്പോൾ 15 മാസം മാത്രമാണ് പ്രായം. ഒരിക്കൽ വിമാനത്താവളത്തിൽ വെച്ച് അവളുടെ നാനിമാരിൽ ഒരാളാണ് എയർപോർട്ടിന് പുറത്തുള്ള ചിത്രം കാണിച്ച് ഇത് 'മോദി ജി' ആണെന്ന് പറഞ്ഞു കൊടുത്തത്. ഇപ്പോൾ ദിവസവും രാവിലെ എഴുന്നേറ്റാൽ അവൾ നരേന്ദ്ര മോദിയുടെ ചിത്രമുള്ള പുസ്തകം തുറന്ന് 'മോദി ജി, മോദി ജി' എന്ന് വിളിക്കും. തുടർന്ന് വീട്ടിലെ ഗണപതി വിഗ്രഹത്തിന് മുന്നിൽ നിന്ന് മോദിജിയുടെ ചിത്രത്തിന് നേരെ പൂജ നടത്താൻ ശ്രമിക്കും" എന്ന് സുനിൽ ഷെട്ടി പറഞ്ഞു.
ഇത് ചെയ്യാൻ വീട്ടിൽ ആരും കുട്ടിയെ പഠിപ്പിച്ചിട്ടില്ലെന്നും മാതാപിതാക്കളോ നാനിയോ ഇതിന് നിർബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി എന്ന വ്യക്തിയിൽ ഒരു മാന്ത്രികത ഉണ്ടെന്നും കുട്ടികൾ മുതൽ മുതിർന്നവർ വരെ അദ്ദേഹത്തിലേക്ക് ആകർഷിക്കപ്പെടാൻ കാരണം ഇതാണെന്നും സുനിൽ ഷെട്ടി അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. സുനിൽ ഷെട്ടിയുടെ ഈ പ്രസ്താവന അടങ്ങുന്ന അഭിമുഖത്തിലെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.



