9 സെക്കന്‍ഡുകൊണ്ട് കെട്ടിടം നിലംപൊത്തും   

ദില്ലി : നോയിഡയിലെ സൂപ്പർടെക്ക് ഇരട്ടക്കെട്ടിടങ്ങൾ ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കും. ഉച്ചയ്ക്ക് രണ്ടരയോടെ സ്ഫോടനം നടത്താനാണ് പദ്ധതി. 9 സെക്കന്‍ഡുകൊണ്ട് കെട്ടിടം നിലംപൊത്തും. ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇത്. നോയിഡ - ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിന് മുന്നോടിയായി പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രദേശവാസികളോട് രാവിലെ തന്നെ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 2 മുതല്‍ 3 മണിവരെ എക്സ്പ്രസ് ഹൈവേയുടെ ഒരു ഭാഗം അടച്ചിടും. കേരളത്തില്‍ മരടിലെ കെട്ടിടങ്ങൾ തക‍ർത്ത കമ്പനികളാണ് ഇവിടെയും സ്ഫോടനം നടത്തുന്നത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാൻ ആംബുലൻസുകളം അഗ്നിശമനസേനയും ആശുപത്രികളില്‍ ജാഗ്രതയും പ്രഖ്യാപിച്ചാണ് സ്ഫോടനം നടത്തുന്നത്.

നോയിഡയില്‍ സൂപ്പര്‍ടെക്കിന്‍റെ ഇരട്ട ഫ്ലാറ്റ് സമുച്ചയം ഇന്ന് തകര്‍ന്ന് വീഴുന്പോള്‍ ഒരു ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് കൂടിയാണ് പരിസമാപ്തിയാകുന്നത്. സൂപ്പ‍ർടെക്കിന്‍റെ തന്നെ മറ്റൊരു ഫ്ലാറ്റിലെ താമസക്കാരാണ് കമ്പനിക്കെതിരെ പോരാട്ടം നടത്തിയത് എന്നതാണ് കൗതുകകരം. വാഗ്ദാന ലംഘനത്തെ ചൊല്ലി ആരംഭിച്ച നിയമയുദ്ധം ഒടുവില്‍ കമ്പനിയുടെ വൻ നിയമ ലംഘനം വെളിച്ചെത്തിക്കുകയായിരുന്നു

രണ്ടായിരം പകുതയിലാണ് സൂപ്പർടെക്ക് കന്പനി എമറാള്‍ഡ് കോര്‍ട്ടെന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണം തുടങ്ങുന്നത്. നോയിഡ -ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലെ കണ്ണായ സ്ഥലത്തായിരുന്നു പദ്ധതി. നല്ല വെട്ടവും വെളിച്ചവും മുന്‍പില്‍ പൂന്തോട്ടവും ഉണ്ടെന്ന് വാഗ്ദാനം നല്‍കി ആളുകളെ ഫ്ലാറ്റിലേക്ക് ആകർഷിച്ചു. എന്നാല്‍ 2009 ല്‍ കഥ മാറി. നല്ല ലാഭമുള്ള ഫ്ലാറ്റ് ബിസിനസ് തഴച്ചുവളരുന്നത് കണ്ട് വീണ്ടും ഫ്ലാറ്റ് സമുച്ചയും കെട്ടിപ്പൊക്കാൻ സൂപ്പര്‍ടെക് തീരുമാനിച്ചു. എമറാള്‍ഡ് കോർട്ടിലുള്ലവർ കണ്ടത് പൂന്തോട്ടം വാഗ്ദാനം ചെയ്തിടത്ത് ഉയരുന്ന നാല്‍പത് നിലയുള്ള രണ്ട് കെട്ടിടങ്ങള്‍. 

ആദ്യത്തെ ഫ്ലാറ്റിലെ താമസക്കാര്‍ മെല്ലെ മെല്ലെ എതിര്‍പ്പുയർത്തി. എന്നാല്‍ 2012 ല്‍ നോയിഡ അതോറിറ്റിയുടെ അനുമതിയും ലഭിച്ചതോടെ കന്പനിയുടെ ആത്മവിശ്വാസം ട്വിൻ ടവർ കണക്കെ മാനം മുട്ടി. വിട്ടു കൊടുക്കാന്‍ എമറാള്‍ഡ് കോര്‍ട്ടിലെ താമസക്കാർ തയ്യാറായിരുന്നില്ല. മുൻ സൈനികനായ ഉദയ്ഭാന്‍ സിങ് തെവാത്തിയ അടക്കമുള്ളവർ ആയിരുന്നു മുന്നില്‍. അലഹബാദ് ഹൈക്കോടതി ഇരട്ട കെട്ടിടം പൊളിക്കണമെന്ന് വിധി പറയുന്നത് വരെ പണവും അധികാര ബലവും രക്ഷിക്കുമെന്നാണ് സൂപ്പര്‍ടെക് കരുതിയത്.

2014 ലാണ് ഇരട്ടകെട്ടിടം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. വൈകാതെ കേസ് സുപ്രീംകോടതിയിലും എത്തി. ഏഴ് വർഷം നീണ്ട വാദ പ്രതിവാദം. ഒടുവില്‍ കഴിഞ്ഞ വർഷം അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരി വച്ചു. കാറുകളില്‍ കോടികളുമായി ദിനേന എംഎല്‍എമാര്‍ അറസ്റ്റിലാകുന്ന കാലത്ത് വാഗ്ദാനങ്ങളുണ്ടായില്ലേ എന്ന് ചോദിച്ചാല്‍ തെവാത്തിയ ചിരിക്കും

പൊളിക്കലില്‍ നിന്ന് രക്ഷനേടാൻ ഇരട്ട കെട്ടിടം ആശുപത്രിയാക്കാൻ നിര്‍ദേശിക്കണമെന്ന ആവശ്യം മറ്റൊരു വഴി സുപ്രീംകോടതിയില്‍ എത്തുകയുണ്ടായി എന്നാല്‍ ഹർജിക്കാരന് അ‌ഞ്ച് ലക്ഷം പിഴയിട്ടാണ് കേസിലെ നിലപാട് കോടതി അരക്കിട്ട് ഉറപ്പിച്ചത്. അങ്ങനെ ഒരു ദശാബ്ദക്കാലത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ കവണക്കടിയേറ്റ് ഒരു ഗോലിയാത്ത് കൂടി നിലപതിക്കുകയാണ്.