പതഞ്ജലിയുടെ ക്ഷമാപണ പരസ്യം മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുത്: സുപ്രീംകോടതി
കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി ഖേദം പ്രകടിപ്പിച്ച് നല്കിയ പത്ര പരസ്യത്തിന്‍റെ വലിപ്പം സാധാരണ നൽകാറുള്ള പരസ്യത്തിന് സമാനമാണോ എന്ന് സുപ്രീം കോടതി.
ദില്ലി: കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി ഖേദം പ്രകടിപ്പിച്ച് നല്കിയ പത്ര പരസ്യത്തിന്‍റെ വലിപ്പം സാധാരണ നൽകാറുള്ള പരസ്യത്തിന് സമാനമാണോ എന്ന് സുപ്രീം കോടതി. കോടതിയുടെ നിർദ്ദേശപ്രകാരം ഖേദം പ്രകടിപ്പിച്ചത് മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പതഞ്ജലി മാധ്യമങ്ങളിൽ നൽകിയ ക്ഷമാപണത്തിന്റെ രേഖകൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
രാജ്യത്തെ ആകെ 67 പത്രങ്ങളിൽ ക്ഷമാപണം വ്യക്തമാക്കി പരസ്യം നൽകിയെന്ന് ബാബാ രാംദേവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ പറ്റി ജനങ്ങളെ മനസിലാക്കി കൊടുക്കുകയാണ് ലക്ഷ്യമെന്ന് നീരീക്ഷിച്ച ജസ്റ്റിസ് ഹിമാ കോലി അധ്യക്ഷയായ ബെഞ്ച് ഉപഭോക്താക്കളുടെ താൽപര്യമാണ് പ്രധാനമെന്ന് വ്യക്തമാക്കി. ആയുഷ് ഉൽപനങ്ങളുടെ പരസ്യത്തിനെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് സംസ്ഥാനങ്ങൾ വിട്ടുനിൽക്കണമെന്ന കേന്ദ്രസർക്കാരിന്‍റെ കത്തിലും കോടതി ഇന്ന് വിശദീകരണം തേടി.കേസ് ഈ മാസം മുപ്പതിന് കോടതി വീണ്ടും പരിഗണിക്കും