ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും വിവരങ്ങളുമടങ്ങിയ പരസ്യ ബോർഡുകൾ സ്ഥാപിച്ചതിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ചിത്രങ്ങൾ പതിച്ച ബോർഡ് തൂക്കാൻ സർക്കാരിന് എന്താണ് അധികാരമെന്നും, നടപടിക്ക് നിയമത്തിന്റെ പിന്തുണയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബോർഡുകൾ നീക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ആയിരുന്നു വിമ‍ര്‍ശനം. 

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ‍ർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഹർജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും. ഹർജി വിശാല ബഞ്ചിലേക്ക് വിടണോ എന്നതിൽ അവധിക്ക് ശേഷം തീരുമാനമെടുക്കും. ജസ്റ്റിസ് യു യു ലളിത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് സര്‍ക്കാരിന്‍റെ ഹർജി പരിഗണിച്ചത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് സ്വകാര്യത അവകാശപ്പെടാൻ കഴിയില്ലെന്നായിരുന്നു യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയുടെ വാദം.

Also Read: 'വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം'; യുപി സര്‍ക്കാറിനെതിരെ ഹൈക്കോടതി

ആളുകളുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യ കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച്ച ബോർഡുകൾ നീക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ലഖ്നൗവിൽ നടന്ന പ്രക്ഷോഭത്തിലെ പ്രതികൾ എന്ന് ചൂണ്ടിക്കാട്ടി ഈ മാസം അഞ്ചിനാണ് ഉത്തർപ്രദേശ് പൊലീസ് ലക്നൗവിലെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചത്.

Also Read: പൗരത്വ പ്രതിഷേധക്കാരുടെ ചിത്രമടങ്ങിയ ഫ്ളക്സ് ബോർഡ്; യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബര്‍ 19 ന് ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളുമാണ് ലക്‌നൗവില്‍ പലയിടത്തും പരസ്യമായി പ്രദര്‍ശിപ്പിച്ചത്. ഷിയാ നേതാവ് മൗലാന സെയ്ഫ് അബ്ബാസ്, മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ദാരാബുരി, കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍ എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക