Asianet News MalayalamAsianet News Malayalam

90 വയസ്സുള്ള അമ്മയെ സിദ്ദിഖ് കാപ്പനെ വീഡിയോ കോൺഫറൻസിംഗ് വഴി കാണാം: സുപ്രീംകോടതി

കാപ്പന്‍റെ അഭിഭാഷകനായ കപിൽ സിബൽ ജയിൽ ചട്ടങ്ങൾ വീഡിയോ കോൺഫറൻസിംഗ് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വീഡിയോ കോൺഫറൻസിംഗ് അനുവദിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.
 

supreme court allows 90 year old mother of siddique kappan to meet him via video conferencing
Author
New Delhi, First Published Jan 22, 2021, 3:23 PM IST

ദില്ലി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീഡിയോ കോൺഫറൻസിംഗ് വഴി കാണാൻ 90 വയസ്സുള്ള അമ്മയ്ക്ക് അനുമതി നൽകി സുപ്രീംകോടതി. ഒക്ടോബർ 5-നാണ് ഹാഥ്റസിലെ ബലാത്സംഗകൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴിക്ക് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദ്യം അഭിഭാഷകനെയടക്കം കാണുന്നതിൽ നിന്ന് കാപ്പനെ യുപി പൊലീസ് വിലക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ടാണ് അഭിഭാഷകനെ കാണാൻ അനുമതി നൽകിയത്. 

ഒക്ടോബറിൽ അറസ്റ്റിലായ ശേഷം പിന്നീട് സിദ്ദിഖ് കാപ്പന് കുടുംബാംഗങ്ങളെ ആരെയും കാണാൻ കഴിഞ്ഞിട്ടില്ലെന്നും 90 വയസ്സായ കാപ്പന്‍റെ അമ്മയ്ക്കെങ്കിലും കാണാൻ അനുമതി നൽകണമെന്നും കുടുംബം കോടതിയിൽ വാദിച്ചിരുന്നു. പ്രായാധിക്യമുള്ള ഓർമക്കുറവും മറ്റ് അവശതകളും ഉള്ള കാപ്പന്‍റെ മാതാവ്, ഓർമ വരുമ്പോഴെല്ലാം മകനെയാണ് അന്വേഷിക്കുന്നതെന്നും കപിൽ സിബൽ വാദിച്ചു. ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്ന് സോളിസിറ്റർ ജനറലും കോടതിയിൽ വ്യക്തമാക്കി. 'അക്കാര്യം താങ്കൾ എനിക്ക് വിട്ടേക്കൂ', എസ്ജി തുഷാർ മേത്ത പറഞ്ഞു. 

എന്നാൽ, കാപ്പന്‍റെ അഭിഭാഷകനായ കപിൽ സിബൽ ജയിൽ ചട്ടങ്ങൾ വീഡിയോ കോൺഫറൻസിംഗ് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വീഡിയോ കോൺഫറൻസിംഗ് അനുവദിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. കേസ് ഇനി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. 

കെയുഡബ്ല്യുജെയാണ് സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹം, യുഎപിഎ അടക്കമുള്ള കുറ്റങ്ങളും സിദ്ദിഖ് കാപ്പന് മേൽ ചുമത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios