പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി നിരീക്ഷണം. തിങ്കളാഴ്ച  വിശദമായ ഉത്തരവ്

ദില്ലി : രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി നിരീക്ഷണം. പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനുള്ള നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ച ഇതിൽ വിശദമായ ഉത്തരവ് സുപ്രീംകോടതി പുറത്തിറക്കും. പൊലീസ് മനപ്പൂർവ്വം ക്യാമറകൾ ഓഫ് ചെയ്യുകയോ റെക്കോർഡിംഗുകൾ ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്നത് തടയാൻ ഇതാണ് ഏക ഫലപ്രദമായ വഴിയെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 

എല്ലാ സി.സി.ടി.വി. ദൃശ്യങ്ങളും ഈ കൺട്രോൾ റൂമിലേക്ക് നൽകാനും, ഏതെങ്കിലും ക്യാമറ പ്രവർത്തനരഹിതമായാൽ അത് സ്വയം തിരിച്ചറിയാനുമുള്ള സംവിധാനം ഒരുക്കാനാണ് കോടതിയുടെ നീക്കം. നിരീക്ഷണ പ്രക്രിയയിൽ പോലും മനുഷ്യരുടെ ഇടപെടൽ ഉണ്ടാകാതിരിക്കാൻ, ഐ.ഐ.ടി പോലുള്ള ഒരു സ്വതന്ത്ര ഏജൻസിയുടെ സഹായം തേടുന്നതിനെക്കുറിച്ചും കോടതി പരിഗണിക്കുന്നുണ്ട്. കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള വാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് നിർദ്ദേശം. പരമ്‌വീർ സിംഗ് സൈനി കേസ് പരിഗണിച്ച കോടതി, 2020-ൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു. ഈ കേസ് സെപ്റ്റംബർ 22-ന് വീണ്ടും പരിഗണിക്കും.