ദില്ലി: സ്പെക്ട്രം ലൈസൻസ് ഫീസ് കുടിശ്ശിക അടയ്ക്കാൻ കൂടുതൽ സാവകാശം തേടിയ സ്വകാര്യ ടെലികോ കമ്പനികളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാരിനെയും കോടതി വിഷയത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ചു. ജുഡീഷ്യൽ വ്യവസ്ഥയോട് കമ്പനികൾക്ക് ബഹുമാനം ഇല്ലാത്തത് പണാധികാരത്തിന്‍റെ ഫലമാണെന്ന് കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന്‍റെ അധ്യക്ഷൻ ജസ്റ്റിസ് അരുൺ മിശ്ര കുറ്റപ്പെടുത്തി. കുടിശ്ശിക തിരിച്ച് പിടിക്കുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ ഉത്തരവിറക്കിയ ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥന് കോടതി അലക്ഷ്യത്തിന് നോട്ടീസും അയച്ചു. 

എയർടെൽ, വൊഡാഫോൺ, എംടിഎൻഎൽ, ബിഎസ്എൻഎൽ, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ടാറ്റ ടെലികമ്മ്യൂണിക്കേഷനസ് എന്നീ കമ്പനികളുടെ സിഎംഡിമാരോട് 17-ാം തീയതി നേരിട്ട് ഹാജരാകാനും സുപ്രീം കോടതി നിർദ്ദേശം നൽകി

ഈ ഹർജി നൽകാൻ പോലും പാടില്ലായിരുന്നു, അസംബന്ധമാണിത്. ഈ രാജ്യത്ത് നിയമങ്ങളില്ലേ? അങ്ങേയറ്റം മനോവേദന തോന്നുന്നു. ഇനിയും ഈ കോടതിയിൽ ജോലി ചെയ്യേണ്ട എന്ന് വരെ തോന്നുന്നു- ജസ്റ്റിസ് അരുൺ മിശ്ര 
 

ടെലികോം കമ്പനികൾ കുടിശ്ശിക അടുത്ത മാസം 17ന് മുമ്പ് അടച്ച് തീർക്കണമെന്ന കർശന നിർദ്ദേശമാണ് ഇന്ന് സുപ്രീം കോടതി നൽകിയത്. കുടിശ്ശിക തീർക്കാൻ ഇനിയും സാവകാശം തേടി കമ്പനികൾ ഹർജി നൽകിയതാണ് കോടതിയെ ചൊടിപ്പിച്ചത്. കമ്പനികൾ ഒരു രൂപ പോലും ഖജനാവിലേക്ക് നൽകിയിട്ടില്ലെന്നും എന്നിട്ടും കോടതി ഉത്തരവ് നടപ്പാക്കുന്നത് നിർത്തിവയ്ക്കാൻ ഒരു ഡെസ്ക് ഓഫീസർക്ക് എങ്ങനെ ധൈര്യം വന്നുവെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.

എല്ലാത്തരം അഴിമതികളും അവസാനിപ്പിക്കാനുള്ള അവസാന അവസരമാണിതെന്നും കോടതി വാദത്തിനിടെ വാക്കാൽ പരാമർശം നടത്തി. 

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) പുനര്‍നിര്‍വചിച്ച ടെലികോം വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച സുപ്രീം കോടതി വിധിയനുസരിച്ച് സ്പെക്ട്രം യൂസേജ് ചാർജ് അടക്കം 1.47 ലക്ഷം കോടിയാണ് ടെലികോ കമ്പനികൾ അടയ്ക്കേണ്ടത്. ടെലികോം വകുപ്പിന്‍റെ കണക്കനുസരിച്ച് ഭാരതി എയർടെൽ 23,000 കോടിയും, വോഡഫോൺ-ഐഡിയ 19,823 കോടിയും റിലയൻസ് കമ്മ്യൂണിക്കേഷൻസ് 16,456 കോടിയും അടയ്ക്കാനുണ്ട്.