വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഐഐടി ഖരഗ്പൂരിലെയും ശാരദ സർവകലാശാലയിലെയും വിദ്യാർത്ഥി ആത്മഹത്യകളിൽ മാനേജ്‌മെന്റുകൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോടതി പറഞ്ഞു.

ദില്ലി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഐഐടി ഖരഗ്പൂരിലെയും ശാരദ സർവകലാശാലയിലെയും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് സംബന്ധിച്ച കേസുകളുടെ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. ആത്മഹത്യകൾ സംബന്ധിച്ച ഉത്തരവാദിത്തം ഇരു സർവ്വകാലാശാലകളിലെയും മാനേജ്‌മെന്റുകൾ ഏറ്റെടുക്കണമെന്നും പറഞ്ഞു. ജസ്റ്റിസ് ജെ ബി പർദിവാലയും ജസ്റ്റിസ് ആർ മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നത്? മാനേജ്‌മെന്റ് എന്താണ് ചെയ്യുന്നതെന്നും കോടതി ആരാഞ്ഞു. നാല് ആഴ്ചയ്ക്കുള്ളിൽ വിശദമായ സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ പൊലീസിനോട് ബെഞ്ച് നിർദ്ദേശിച്ചു.

ഐഐടി ഖരഗ്പൂരിലെ നാലാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും, ഗ്രേറ്റർ നോയിഡയിലെ ശാരദ സർവകലാശാലയിലെ രണ്ടാം വർഷ ബിഡിഎസ് വിദ്യാർത്ഥിയും ആണ് ആത്മഹത്യ ചെയ്തത്. ഇതിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ശാരദ സർവകലാശാലയിൽ ഡെന്റൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംഭവം നടന്ന് രണ്ട് മണിക്കൂറിനകം അച്ഛൻ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി അപർണ ഭട്ട് കോടതിയെ അറിയിച്ചു. ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാലും സുപ്രീം കോടതിയുടെ കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കോടതി സർവകലാശാലയെ വിമർശിച്ചു.

വിദ്യാർത്ഥികളാണോ മരണം പിതാവിനെ അറിയിച്ചത്? കോളേജ് മാനേജ്‌മെന്റ് ഇക്കാര്യം എന്തുകൊണ്ട് ആദ്യം അറിയിച്ചില്ല? പൊലീസിനെയും മാതാപിതാക്കളെയും ഉടൻ സംഭവം അറിയിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലേ? എന്നും കോടതി ചോദിച്ചു. ഭരണപരമായ അനാസ്ഥയെക്കുറിച്ചുള്ള ആശങ്കകളും കോടതി പങ്കുവച്ചു.

അതേ സമയം, ഐഐടി ഖരഗ്പൂരിൽ നടന്ന വിദ്യാ‍ത്ഥി ആത്മഹത്യയിൽ പ്രാദേശിക പൊലീസ് കാര്യമായ അപ്‌ഡേറ്റുകളൊന്നും നൽകിയിട്ടില്ലെന്നും അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. ഇത് കൂടുതൽ വിമർശനത്തിന് കാരണമായി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)