സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ  ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകി സുപ്രീം കോടതി

ദില്ലി: കോഴിക്കോട് സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകി സുപ്രീം കോടതി. എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി പ്രജിത്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. 

വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ തീരുമാനമാകുന്നത് വരെയാണ് ജാമ്യം. നേരത്തെ പ്രജിത്ത് നൽകിയ അപ്പീലിൽ സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. കേസിൽ മാറാട് പ്രത്യേക കോടതി ജീവപരന്ത്യം ശിക്ഷയാണ് വിധിച്ചത് . 2018 - ലാണ് പ്രജിത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്നായിരുന്നു പരാതി. അഭിഭാഷകൻ ജെയിംസ് പി തോമസാണ് പ്രജിത്തിനായി സുപ്രീം കോടതിയിൽ ഹാജരായത്.

Read more: വിവാഹിതരെന്ന് ചമഞ്ഞ് വീട്ടുജോലിക്കെത്തി, ലക്ഷങ്ങളുടെ മുതൽ മോഷ്ടിച്ചു; കമിതാക്കള്‍ പിടിയില്‍

അതേസമയം നിയവിരുദ്ധമായി നിര്‍ബന്ധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. ബിഹാര്‍, ചത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട വനിതകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെതിരേയാണ് ഹര്‍ജി. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് സമർപ്പിച്ചിരുന്നില്ല.

ഇത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച വിഷയമായതിനാൽ കേന്ദ്രത്തിന്റെ മറുപടി കൂടി അനിവാര്യമാണെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെ സഹായം ആവശ്യമാണെന്ന് നിര്‍ദേശിച്ച ചീഫ് ജസ്റ്റീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ മറുപടി സത്യവാങ്മൂലം നല്‍കാൻ നിർദ്ദേശം നൽകിയത്