ദില്ലി: ഉന്നാവ് പെൺകുട്ടിക്ക് വാഹനാപകടം ഉണ്ടായ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് സുപ്രീംകോടതി രണ്ടാഴ്ച കൂടി സമയം നൽകി. പെൺകുട്ടിയും അഭിഭാഷകനും അന്വേഷണവുമായി സഹകരിക്കാൻ സാധിക്കാത്ത ആരോഗ്യസ്ഥിതിയിൽ ആണെന്നും അതിനാൽ അന്വേഷണം പൂർത്തിയാക്കാൻ നാലാഴ്ച സമയം വേണമെന്നും സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

പെൺകുട്ടിയുടെ അഭിഭാഷകന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈമാസം ഒന്നിന് കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ജൂലൈ 28 നാണ് റായ്ബറേലിക്കടുത്ത് ഗുരുബക്ഷ് ഗഞ‌്ചില്‍ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയും അഭിഭാഷകനും അപകടനില തരണം ചെയ്തിട്ടില്ല.