Asianet News MalayalamAsianet News Malayalam

യുക്രൈന്‍: മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പരിഗണന വേണമെന്ന് ഹര്‍ജി,നിലപാട് തേടി സുപ്രീംകോടതി

ജനീവ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. ഹര്‍ജികള്‍ അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും. 
 

Supreme Court has sought central government stand in granting the status of war victims to students who have returned from Ukraine
Author
First Published Nov 22, 2022, 12:23 PM IST

ദില്ലി: യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കുന്നതില്‍ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി. ഹർജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി നടപടി. കേസ് അടുത്ത ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. യുദ്ധത്തെ തുടര്‍ന്ന്  മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ മെഡിക്കൽ  വിദ്യാഭ്യാസം ഇന്ത്യയിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്. ജനീവ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ വിദ്യാർത്ഥികൾക്ക് നൽകണം. ഇതിനായി യുദ്ധ ഇരകളായി ഇവരെ പ്രഖ്യാപിക്കണം. ഈ പരിഗണന ലഭിച്ചാൽ മറ്റ് രാജ്യങ്ങളിൽ തുടർപഠനത്തിന് അവസരം ലഭിക്കുമെന്നും ഹർജിക്കാർ വാദിച്ചു. 

തുടർന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തിൽ   കേന്ദ്രനിലപാട് തേടി. വിദേശകാര്യമന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് 15,783 വിദ്യാർത്ഥികളാണ് യുക്രൈനിൽ പഠിക്കുന്നതെന്നും ഇതിൽ 14,973 പേർ ഓൺലൈനായി പഠനം തുടരുന്നതായും കേന്ദ്രം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 640 വിദ്യാർത്ഥികൾ നിലവിൽ യുക്രൈനിൽ തുടരുകയാണ്. 170  പേർ മറ്റു രാജ്യങ്ങളിലേക്ക് പഠനം മാറ്റി. 382 പേർ നൽകിയ അപേക്ഷയിൽ തീരുമാനമായില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തിരികെ എത്തിയ വിദ്യാർത്ഥികളെ രാജ്യത്തെ സർവ്വകലാശാലകളിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രം നിലപാട് അറിയിച്ചിരുന്നു. ഇതോടെയാണ് ബദൽ മാർഗങ്ങൾ കോടതി തേടിയത്. 

ഇതിനിടെ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മെഡിക്കൽ കോഴ്‌സ് വിദ്യാഭ്യാസം ഇന്ത്യയിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും സുപ്രീംകോടതി പരിഗണിച്ചു. ഈ വിഷയത്തില്‍ കേന്ദ്രത്തിന്‍റെ മറുപടി സമർപ്പിച്ചതായി എഎസ്ജി ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. എന്നാല്‍ അത്തരമൊരു മറുപടി കേന്ദ്രം നൽകിയിട്ടില്ലെന്ന് ഹർജിക്കാർ പറയുന്നു. മാത്രമല്ല യുദ്ധത്തിൽ തകർന്ന രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് ശമ്പളത്തിനും അർഹതയുണ്ടെന്ന് ഹര്‍ജിക്കാരുടെ വക്കീലായ അഡ്വ മേനക ഗുരുസ്വാമി വാദിച്ചു. എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ഉൾക്കൊള്ളാൻ സർക്കാറിന് കഴിയില്ലെന്നും പ്രത്യേകിച്ച 1, 4 വർഷ വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നെന്നും ഇത് മെഡിക്കല്‍ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും എഎസ്ജി വാദിച്ചു. 

യുക്രൈൻ വിദ്യാർത്ഥികളുടെ കണക്ക് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ആകെ 15,783 വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ പഠനത്തിനായി പോയത്. നിലവില്‍ 14973 പേർ ഓൺലൈനിൽ പഠനം നടത്തുന്നു. 640 ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ യുക്രൈനിൽ പഠിക്കുന്നുണ്ട്. 170 പേർ മറ്റു രാജ്യങ്ങളിലേക്ക് പഠനം മാറ്റി. പഠന മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച 382 പേരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. ഇതിനിടെ കൊവിഡിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും തിരിച്ചെത്തിയ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തിരികെ ചൈനയിലേക്ക് മടങ്ങിയതായി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. കേസ് അടുത്ത 29 ലേക്ക് മാറ്റിവച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവരുടെ ബ‌ഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Follow Us:
Download App:
  • android
  • ios