ദില്ലി: എൻഫോഴ്സ്മെന്റ് വിഭാഗം ഇന്റര്‍പോളിനെ സമീപിച്ചതിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങിവരാൻ നിബന്ധനകൾ മുന്നോട്ട് വച്ച് വിവാദ ഇസ്ലാമിക് പ്രഭാഷകൻ  സാക്കിര്‍ നായിക്. സാക്കിര്‍ നായികിനെ ഇന്ത്യക്ക് കൈമാറില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി ഡോ മുഹാദിര്‍ മുഹമ്മദിന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് സാക്കിര്‍ നായിക് ഇന്ത്യയിലേക്ക് തിരികെ വരാൻ തയ്യാറാണെന്ന് അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ താൻ ഇന്ത്യൻ നീതിന്യായ കോടതികളിൽ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ കോടതി വ്യവഹാര സംവിധാനത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. "എനിക്കെതിരെ ആരോപണങ്ങളും പരാതികളും മാത്രമേയുള്ളൂ. ഇന്ത്യയിലോ ലോകത്തോ ഒരു കോടതിയും എനിക്കെതിരെ വിധി പുറപ്പെടുവിച്ചിട്ടില്ല. ഇന്ത്യയിൽ സമീപകാലത്തെ മുസ്ലിങ്ങളെ എട്ട് മുതൽ 20 വര്‍ഷം വരെ ജയിലിലടക്കുകയും പിന്നീട് കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയും ചെയ്യുന്ന രീതിയാണ്. ഇന്ത്യൻ ഏജൻസികളുടെ ഈ ചരിത്രം അറിഞ്ഞുകൊണ്ട് എന്റെ ജീവിതം അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 

ഇന്ത്യൻ ഏജൻസികള്‍ മുൻപ് രണ്ട് തവണ സാക്കിര്‍ നായിക്കിന് വേണ്ടി ഇന്റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് തവണയും ഇന്റര്‍പോള്‍ ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. തന്റെ കാര്യത്തിൽ തീവ്രവാദ കുറ്റങ്ങൾ ഇന്റര്‍പോൾ വിശ്വസിക്കാതെ വന്നതോടെയാണ് സാമ്പത്തിക തിരിമറി ആരോപിച്ച് ഇന്ത്യൻ ഏജൻസികൾ രംഗത്ത് വന്നിരിക്കുന്നതെന്ന് സാക്കിര്‍ നായിക് ആരോപിച്ചു. 

ഇന്ത്യൻ ഏജൻസികൾ രാഷ്ട്രീയ നേതാക്കളുടെ താത്പര്യത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്റര്‍പോൾ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാക്കിര്‍ നായിക് പറഞ്ഞു. "പലവട്ടം ഏത് ഇന്ത്യൻ ഏജൻസി പ്രതിനിധികളെയും മലേഷ്യയിൽ കാണാൻ തയ്യാറാണെന്ന് താൻ പലവട്ടം അറിയിച്ചതാണ്. എന്നാൽ അതിന് അവര്‍ തയ്യാറല്ല. എന്നെ പിടികൂടി ജയിലിലടക്കാനാണ് ശ്രമം. എന്റെ ശിക്ഷ നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്. സുപ്രീം കോടതി എന്റെ ജീവന് ഉറപ്പ് രേഖാമൂലം എഴുതി നൽകുകയാണെങ്കിൽ ആ നിമിഷം തന്നെ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിവരും," സാക്കിര്‍ നായിക് പറഞ്ഞു.

സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ എൻഫോഴ്സ്മെന്റ് വീണ്ടും ഇന്റ‍ർപോളിനെ സമീപിച്ചിരുന്നു.  സാക്കിർ നായിക്കിനെ മലേഷ്യയിൽ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോ‍ർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുൻപും രണ്ട് തവണ ഇതേ ആവശ്യം ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഉന്നയിച്ചിട്ടും ഇന്റര്‍പോൾ വഴങ്ങിയിരുന്നില്ല.

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റ‍ര്‍പോൾ റെഡ് കോ‍ർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം. മലേഷ്യ ഇന്‍റര്‍പോളിന്റെ അംഗരാഷ്ട്രമാണ്. 2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇവര്‍ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ സാക്കിര്‍ നായികിനെ വിട്ടുനൽകാൻ സാധിക്കില്ലെന്നാണ് മലേഷ്യയും നിലപാടെടുത്തിരിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ശ്രമം.

സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. ഇയാളുടെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് വിഭാഗം കണ്ടുകെട്ടിയിരുന്നു. സമുദായങ്ങൾക്ക് ഇടയിൽ ഭിന്നത വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുടെയും, ശത്രുത വളര്‍ത്താൻ വേണ്ടി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.