ദില്ലി: കൊവിഡ് സാഹചര്യത്തെക്കുറിച്ചുള്ള കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയിൽ അസാധാരണ നീക്കങ്ങൾ. എതിർപ്പിനെ തുടർന്ന് അമിക്കസ് ക്യുറി ചുമതലയിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിൻമാറി. ഹൈക്കോടതികളിലെ കൊവിഡ് കേസുകൾ എല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

കൊവിഡ് സാഹചര്യം നേരിടാനുള്ള ദേശീയ പദ്ധതി സമർപ്പിക്കാനാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ഇന്നലെ ആവശ്യപ്പെട്ടത്. കേസിൽ അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവയെ സുപ്രീംകോടതി നിയോഗിക്കുകയും ചെയ്തു. എന്നാൽ തമിഴ്നാട്ടിൽ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ വേദാന്ത കമ്പനിക്കായി ഹാജരാകുന്ന ഹരീഷ് സാൽവയെ നിയോഗിച്ചതിനെ എതിർത്ത് ആക്ടിവിസ്റ്റായ സാകേത് ഗോഖലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നല്കിയിരുന്നു. കോടതിയിൽ തർക്കത്തിൻറെ കാരണമായി മാറാൻ ആവില്ലെന്നും ചുമതല ഒഴിവാക്കണമെന്നും ഹരീഷ് സാൽവെ ആവശ്യപ്പെട്ടു. കൂട്ടായ തീരുമാനമായിരുന്നു എന്നു വ്യക്തമാക്കിയ ബഞ്ച് സാൽവെയുടെ ആവശ്യം അംഗീകരിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. 

ഹൈക്കോടതികളിലെ കേസ് മാറ്റാൻ ഉദ്ദേശിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിലെ ജസ്റ്റിസ് നാഗേശ്വർ റാവു വ്യക്തമാക്കി. ഉത്തരവിൽ എവടെയാണ് ഇത് പറയുന്നതെന്നും ജസ്റ്റിസ് നാഗേശ്വർ റാവും ചോദിച്ചു. ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ മാറ്റുന്നതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.  

അതിനിടെ തൂത്തുക്കുടിയിലെ വേദാന്ത പ്ളാൻള് ഓക്സിജൻ ഉത്പാദനത്തിനായി തുറക്കുന്നതിനെ തമിഴ്നാട് സർക്കാർ എതിർത്തു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി സത്യവാങ്മൂലം നല്കാൻ തമിഴ്നാടിന് നിർദ്ദേശം നല്കി. ഫലത്തിൽ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും നാടകീയ നീക്കങ്ങൾ കാരണം കോടതിയിൽ നിന്നുള്ള സുപ്രധാന തീരുമാനങ്ങളും നിർദേശങ്ങളും വൈകുകയാണ്.