Asianet News MalayalamAsianet News Malayalam

വാക്സീൻ നയം: സത്യവാങ്മൂലം പഠിക്കട്ടെയെന്ന് സുപ്രീംകോടതി; കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ചു

കേന്ദ്രത്തിൻറെ സത്യവാങ്മൂലം പഠിച്ച ശേഷം കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. വാദം കേൾക്കുന്നതിനിടെയുള്ള സാങ്കേതിക പ്രശ്നങ്ങളും കേസ് മാറ്റാൻ ഇടയാക്കി. കേസ് ഇനി വ്യാഴാഴ്ച പരിഗണിക്കും.
 

supreme court postponed consideration of case taken voluntarily regarding central government covid  vaccine policy
Author
Delhi, First Published May 10, 2021, 12:24 PM IST

ദില്ലി: കേന്ദ്രസർക്കാരിന്റെ വാക്സീൻ നയം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം പഠിച്ച ശേഷം കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. വാദം കേൾക്കുന്നതിനിടെയുള്ള സാങ്കേതിക പ്രശ്നങ്ങളും കേസ് മാറ്റാൻ ഇടയാക്കി. കേസ് ഇനി വ്യാഴാഴ്ച പരിഗണിക്കും.

കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വാക്സീൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം. കോടതി നടപടികൾ തുടങ്ങിയപ്പോൾ തന്നെ സുപ്രീം കോടതി വാക്കുകളിലൂടെ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.

വാക്സീൻ നയം സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ വിശദമായ സത്യവാങ്മൂലം ഇന്ന് രാവിലെയാണ് കിട്ടിയതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്  പറഞ്ഞു. സത്യവാങ്മൂലം വൈകിയാണ് കിട്ടിയതെങ്കിലും തനിക്ക് വിവരങ്ങളറിയാൻ പ്രയാസമുണ്ടായില്ല, രാവിലെ ഒരു ഇം​ഗ്ലീഷ് ദിനപത്രത്തിൽ വിശദമായ വിവരങ്ങളുണ്ടായിരുന്നു എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. 

വാക്സീൻ നയം തുല്യത ഉറപ്പാക്കുന്നതാണെന്നാണ് കേന്ദ്രത്തിൻ്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്. സംസ്ഥാനങ്ങൾക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാർ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വാക്സീന്‍ വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്സീന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios