ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ഹർജികൾ പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. മിക്ക ഹർജികളിലും പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റിയത്. ഹർജികള്‍ക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരായി അഭിഭാഷകനായ എം എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ പിഴവുണ്ടായിട്ടും തിരുത്താത്തതിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിമര്‍ശിച്ചത്.

അരമണിക്കൂറായി ഹര്‍ജി പരിശോധിക്കുന്നുവെന്നും എന്താണിതെന്ന് മനസ്സിലാവുന്നില്ലെന്നും കോടതി പറഞ്ഞു. മറ്റു ഹര്‍ജികളെ ബാധിക്കുമെന്നതിനാലാണ് തള്ളാത്തതെന്നും എം എല്‍ ശര്‍മ്മയുടെ ഹർജി പരി​ഗണിക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികളെക്കുറിച്ചും ചീഫ് ജസ്റ്റിസ് രജിസ്ട്രിയോട് ആരാഞ്ഞു. ആറ് ഹര്‍ജികളില്‍ രണ്ടെണ്ണത്തിന്‍റെ പിഴവ് മാത്രമാണ് ഇതുവരെ തിരുത്തിയതെന്ന് രജിസ്ട്രി കോടതിയെ അറിയിച്ചു. ഇത്ര ഗൗരവമുള്ള വിഷയത്തില്‍ പിഴവുകളുള്ള ഹര്‍ജികൾ എങ്ങനെ ഫയല്‍ ചെയ്യുന്നുവെന്ന് കോടതി ചോദിച്ചു. ഹര്‍ജി തിരുത്തി നല്‍കാന്‍ കോടതി ഹർജിക്കാരന് അനുമതി നല്‍കിയിട്ടുണ്ട്. 

അതേസമയം, പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി സുപ്രീംകോടതി പരി​ഗണിച്ചു. മാധ്യമപ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് ഹർജി നൽകിയത്. കശ്മീരിൽ മാധ്യമ സ്വാതന്ത്രം നിഷേധിക്കപ്പെടുന്നുവെന്ന് അനുരാധ ബാസിൻ ഹർജിയിൽ ആരോപിച്ചു. ശ്രീനഗറിൽ മാത്രമാണ് മാധ്യമ പ്രവർത്തനം നടത്താൻ സാധിക്കുന്നത്. കശ്മീരിലെ ഭൂരിഭാഗം ലാൻഡ് ലൈനുകളും പ്രവർത്തിക്കുന്നില്ല. ദിനം പ്രതി മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ കുറച്ച് വരികയാണെന്നും അവർ ഹർജിയിൽ പറഞ്ഞു.
  
എന്നാൽ, കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതിനായി  ദിവസവും സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കശ്മീരിലെ സുരക്ഷാ ഏജന്‍സികളെ വിശ്വാസത്തിലെടുക്കണമെന്ന് മാധ്യമ നിയന്ത്രണം ചോദ്യം ചെയ്ത ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി നല്‍കി. മാധ്യമ വിലക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള അനുരാധാ ബാസിന്‍റെ ഹര്‍ജിയും കോടതി പിന്നീട് പരിഗണിക്കും.