ഇ ഡി ഡയറക്ടറായി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിയതിനെതിരെയായ ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. 

ദില്ലി: ഒരു ഉദ്യോഗസ്ഥൻ കുറഞ്ഞാൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കാര്യക്ഷമത കുറയുമോ എന്ന് ചോദ്യവുമായി സുപ്രീംകോടതി. ഇ ഡി ഡയറക്ടറായി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിയതിനെതിരെയായ ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. അതേസമയം മൂന്നാമതും കാലാവധി നീട്ടിനല്‍കിയതിനെ സുപ്രീംകോടതിയില്‍ കേന്ദ്രം ന്യായീകരിച്ചു. ആഗോള കള്ളപ്പണ തടയൽ സംവിധാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ വിലയിരുത്തല്‍ നടക്കുന്നതുകൊണ്ടാണ് കാലാവധി നീട്ടിയതെന്നും ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥനാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയിൽ വ്യക്തമാക്കി. 

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ചില പ്രധാന അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സഞ്ജയ് കുമാർ മിശ്ര തുടരേണ്ടത് രാജ്യതാത്പര്യമാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇക്കാര്യം കേന്ദ്രം അറിയിച്ചതോടെയാണ് കോടതിയുടെ ചോദ്യം. കാലാവധി നീട്ടിയതില്‍ കോടതി ഇടപെടരുതെന്നും നവംബറില്‍ വിരമിക്കുന്ന സാഹചര്യത്തിൽ ഇനി കാലാവധി നീട്ടി നൽകില്ലെന്നും കേന്ദ്രം അറിയിച്ചു. വീണ്ടും കാലാവധി നീട്ടിനല്‍കരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം അവഗണിച്ചാണ് കേന്ദ്ര തീരുമാനമെന്നും ബെഞ്ച് വ്യക്തമാക്കി. തുടർന് ഹർജികളിൽ വാദം പൂർത്തിയാക്കി ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വിധി പറയാൻ മാറ്റി.