Asianet News MalayalamAsianet News Malayalam

സ്വവര്‍ഗ്ഗ അനുരാഗിയായ അഭിഭാഷകനെ ജഡ്ജിയാക്കാൻ ശുപാര്‍ശ; തീരുമാനം 4 വര്‍ഷത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍

2017 ഒക്ടോബറിൽ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഗീത മിത്തലാണ് വിദേശിയായ സ്വവര്‍ഗ്ഗ പങ്കാളിക്കൊപ്പം ജീവിക്കുന്ന സൗരഭ് കൃപാലിന്‍റെ പേര് ആദ്യം ശുപാര്‍ശ ചെയ്യുന്നത്.

Supreme Court recommends elevation of openly gay lawyer as judge of Delhi HC
Author
Delhi, First Published Nov 16, 2021, 3:57 PM IST

ദില്ലി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ സ്വവര്‍ഗാനുരാഗിയായ മുതിര്‍ന്ന അഭിഭാഷകനെ (gay lawyer) ദില്ലി ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി (supreme court). സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി പേരാടുന്ന മുതിര്‍ന്ന അഭിഭാഷകനായ സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊലീജിയം കേന്ദ്ര സര്‍ക്കാരിന് അയച്ചു.

സ്വവര്‍ഗാനുരാഗിയായ ഒരാൾ ജഡ്ജിയാവുകയോ? കഴിഞ്ഞ കുറേ കാലമായി ജുഡീഷ്യറിയിൽ പുകയുന്ന ചോദ്യമായിരുന്നു. സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധി പറഞ്ഞിട്ടും അത് അംഗീകരിക്കുന്നതിൽ പരമോന്നത രീതി പീഠത്തിൽ തന്നെ രണ്ട് മനസ്സായിരുന്നു. ഒടുവിൽ അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് വര്‍ഷങ്ങൾ വൈകിയെങ്കിലും സുപ്രീംകോടതി കൊലീജിയം ഏകകണ്ഠമായി ആ തീരുമാനമെടുത്തു. മുതിര്‍ന്ന അഭിഭാഷനായ സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് അയച്ചു

2017 ഒക്ടോബറിൽ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഗീത മിത്തലാണ് വിദേശിയായ സ്വവര്‍ഗ്ഗ പങ്കാളിക്കൊപ്പം ജീവിക്കുന്ന സൗരഭ് കൃപാലിന്‍റെ പേര് ആദ്യം ശുപാര്‍ശ ചെയ്യുന്നത്. തീരുമാനം അന്ന് സുപ്രീംകോടതി മാറ്റിവെച്ചു. പിന്നീട് ഇതേ വിഷയം 2019ൽ രണ്ട് തവണ കൊലിജിയത്തിന് മുന്നിൽ വന്നു. ചീഫ് ജസ്റ്റിസായി എത്തിയ ജസ്റ്റിസ് എസ് എ ബോബ്ഡെ നിയമനത്തിൽ വ്യക്തമായ നിലപാട് തേടി കേന്ദ്രത്തിന് കത്തയച്ചു.

സൗരഭ് കൃപാലിന്‍റെ പങ്കാളി വിദേശിയായതിനാലുള്ള സുരക്ഷ പ്രശ്നം എന്ന റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്. അതല്ല തന്‍റെ ലൈംഗിക താല്പര്യം തന്നെയാണ് തടസ്സമെന്ന് സൗരഭ് കൃപാൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ നേതൃത്വത്തിലുള്ള കൊലീജിയം ഇപ്പോഴെടുത്ത തീരുമാനത്തിലൂടെ നിയമതടസ്സമില്ലാതിരുന്നിട്ടും സ്വവര്‍ഗാനുരാഗികൾക്ക് സാമൂഹം തീര്‍ത്ത വിലക്കുകൂടിയാണ് സുപ്രീംകോടതി മറികടക്കുന്നത്.

Follow Us:
Download App:
  • android
  • ios