Asianet News MalayalamAsianet News Malayalam

താജ്‌മഹലിന്റെ കാലപ്പഴക്കവും തെറ്റായ ചരിത്രവും തിരുത്തണമെന്ന് ഹർജി: സുപ്രീം കോടതി സ്വീകരിച്ചില്ല

സുപ്രീം കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഈ ആവശ്യം ഉന്നയിച്ച് സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി

Supreme court refuses PIL seeks to remove wrong facts of Taj Mahal
Author
First Published Dec 5, 2022, 12:43 PM IST

ദില്ലി: രാജ്യത്തെ ഏറ്റവും പ്രശസ്തവും പുരാവസ്തു സ്മാരകവുമായ താജ്‌ മഹലിന്റെ കാലപ്പഴക്കം നിർണയിക്കണമെന്ന ആവശ്യവുമായുള്ള ഹർജി സുപ്രീം കോടതി തള്ളി. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്നാണ് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ചരിത്ര പുസ്തകങ്ങളിൽ നിന്ന് താജ‌്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ നീക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ നിങ്ങളാണോ തെറ്റായ വസ്തുതകൾ തീരുമാനിക്കുന്നതെന്ന ചോദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.

സുപ്രീം കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഈ ആവശ്യം ഉന്നയിച്ച് സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് ഈ വസ്തുതകൾ തെറ്റാണോ ശരിയാണോയെന്ന് എങ്ങിനെ തീരുമാനിക്കാനാവും എന്ന് ഡിവിഷൻ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് എംആർ ഷായും ജസ്റ്റിസ് സിടി രവികുമാറും ചോദിച്ചു. ഇതോടെ ഹർജിക്കാരൻ, ഹർജി പിൻവിലിക്കുകയാണെന്നും ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിക്കാമെന്നും കോടതിയിൽ വ്യക്തമാക്കി.

രണ്ട് മാസം മുൻപും സമാനമായ ഹർജി കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. എന്നാൽ കോടതി ഹർജി പരിഗണിക്കാതിരുന്നതോടെ ഇതും പിൻവലിക്കുകയാണുണ്ടായത്. താജ്മഹല്‍ (Taj Mahal) മുഗൾ രാജാവായ ഷാജഹാൻ തന്റെ ജീവിത പങ്കാളിയായ മുംതാസിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ചതാണെന്നാണ് ആധികാരിക രേഖകൾ പറയുന്നത്. എന്നാൽ ചരിത്രം വളച്ചൊടിച്ചതാണെന്നും സ്മാരകം ഹിന്ദുക്കളുടേതുമാണെന്നും അവകാശവാദങ്ങൾ ഉയരുന്നുണ്ട്. ജയ്പൂർ രാജകുടുംബത്തിന്റേതാണ് സ്മാരകം സ്ഥിതി ചെയ്യുന്ന ഭൂമിയെന്ന് പറഞ്ഞ് നേരത്തെ ബിജെപി എംപി തന്നെ രംഗത്ത് വന്നിരുന്നു.  ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ താജ്മഹലിനുള്ളിലെ 20 മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അയോധ്യയിലെ ബിജെപി മീഡിയ തലവൻ രജ്‌നീഷ് സിങാണ് ഏറെ നാളായി നിയമപോരാട്ടത്തിലാണ്.
 

Follow Us:
Download App:
  • android
  • ios