Asianet News MalayalamAsianet News Malayalam

Tripura : ത്രിപുര സംഘര്‍ഷ കേസ്: തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാകില്ലെന്ന് സുപ്രീം കോടതി

 ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അടുത്തിട്ടും ഭരണകക്ഷിയുടെ നേതൃത്വത്തില്‍ അക്രമം തുടരുകയാണെന്നും ക്രമസമാധാന നില സാധാരണ നിലയിലായിട്ടില്ലെന്നും പരാതിക്കാരായ തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയില്‍ വാദിച്ചു.
 

Supreme court refuses to postpone Tripura election
Author
New Delhi, First Published Nov 23, 2021, 6:24 PM IST

ദില്ലി: ത്രിപുര സംഘര്‍ഷത്തെ (Tripura violence) തുടര്‍ന്ന് തെരഞ്ഞടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി(Supreme court). തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍ദേശിക്കുക എന്നത് ഒരു സാധാരണ തീരുമാനമല്ലെന്നും കോടതി വ്യക്തമാക്കി. അക്രമങ്ങള്‍ക്കിടയില്‍ എങ്ങനെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് ചൂണ്ടിക്കാട്ട് തൃണമൂല്‍ കോണ്‍ഗ്രസാണ് (TMC) കോടതിയെ സമീപിച്ചത്. നവംബര്‍ 25 നാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ ത്രിപുര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. മൂന്ന് കമ്പനി കേന്ദ്ര സേനയെ കൂടി സുരക്ഷക്കായി ത്രിപുരയില്‍ വിന്യസിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാന്‍ ഐജിക്കും ഡിജിപിക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് മാറ്റിവെക്കുക എന്നത് ഏറ്റവും ഒടുവിലത്തെ മാര്‍ഗമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ബുധനാഴ്ച യോഗം ചേര്‍ന്ന് വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അടുത്തിട്ടും ഭരണകക്ഷിയുടെ നേതൃത്വത്തില്‍ അക്രമം തുടരുകയാണെന്നും ക്രമസമാധാന നില സാധാരണ നിലയിലായിട്ടില്ലെന്നും പരാതിക്കാരായ തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയില്‍ വാദിച്ചു. കോടതി നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും തൃണമൂല്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios