Asianet News MalayalamAsianet News Malayalam

നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി

തിരുത്തൽ ഹര്‍ജിയും തള്ളിയതോടെ ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകുക മാത്രമാണ് പ്രതികൾക്ക് മുമ്പിലുള്ള അവസാനത്തെ വഴി.

supreme court rejects nirbhaya case convicts curative petitions
Author
Delhi, First Published Jan 14, 2020, 2:21 PM IST

ദില്ലി: നി‌ർഭയ കേസിൽ പ്രതികളുടെ തിരുത്തൽ ഹ​ർജികൾ സുപ്രീം കോടതി തള്ളി. വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവർ നൽകിയ തിരുത്തൽ ഹ‍ർജികളാണ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഏറെ സമയമൊന്നും എടുക്കാതെ, വളരെപ്പെട്ടെന്ന് തന്നെ ഹർജികൾ പരിഗണിച്ച് കോടതി തള്ളാൻ ഉത്തരവിടുകയായിരുന്നു. 

കേസിലെ നാല് പ്രതികൾക്കും ജനുവരി ഏഴിന് ദില്ലി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22-ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. ദില്ലി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഒമ്പതിനാണ് വിനയ് കുമാർ ശർമ്മ തിരുത്തൽ ഹർജി ഫയ‌ൽ ചെയ്തത്. ഇതിന് പിന്നാലെ മുകേഷും തിരുത്തൽ ഹർജി ഫയൽ ചെയ്തു. തിരുത്തൽ ഹര്‍ജിയും തള്ളിയതോടെ ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകുക മാത്രമാണ് പ്രതികൾക്ക് മുമ്പിലുള്ള അവസാനത്തെ വഴി. വിനയ് ശർമ്മയ്ക്കും, മുകേഷിനും പുറമേ പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളുടെ വധശിക്ഷയും അന്ന് തന്നെയാണ് നടപ്പാക്കുക. 

കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാർ ജയിലിൽ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. 

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു. 

Follow Us:
Download App:
  • android
  • ios