നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് പൊളിക്കുന്നതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. 

ദില്ലി: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് പൊളിക്കുന്നതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ചരിത്രത്തിൽ ഇടം നേടിയ കപ്പൽ പൊളിക്കരുതെന്നും മ്യൂസിയമാക്കി സംരക്ഷണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ മറൈൻ കമ്പനിയാണ് കോടതിയെ സമീപിച്ചത്. 

ഹര്‍ജിക്കാരന്‍റെ ആവശ്യം നേരത്തെ പ്രതിരോധ മന്ത്രാലയവും തള്ളിയിരുന്നു. ഹര്‍ജിക്കാരന്‍റെ വികാരത്തോട് യോജിക്കുന്നുവെങ്കിലും ഇപ്പോൾ ഏറെ വൈകിപ്പോയെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ വ്യക്തമാക്കി. 

കപ്പലിന്‍റെ 40 ശതമാനത്തിലധികം പൊളിച്ചുകഴിഞ്ഞു. ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും കോടതി പറഞ്ഞു. കപ്പൽ സംരക്ഷിക്കാമെന്ന്‌ അറിയിച്ച്‌ എൻവിടെക് മറൈൻ കൺസൾട്ടന്റ്‌സ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയായിരുന്നു ഹര്‍ജിനല്‍കിയത്. 

കഴിഞ്ഞവർഷമാണ് ശ്രീറാം ഷിപ്പ്‌ ബ്രെയ്‌ക്കേഴ്‌സ്‌ കമ്പനി കപ്പൽ ലേലത്തിൽ പിടിച്ചത്. 65 കോടിക്കാണ്‌ കപ്പൽ ലേലത്തിൽ വിറ്റതെന്നും 100 കോടി നൽകി ഏറ്റെടുക്കാൻ തയ്യാറാണെന്നും എൻവിടെക് കോടതിയെ അറിയിച്ചിരുന്നു.