ഓണ്‍ലൈൻ വാദം ആവശ്യപ്പെടുന്ന അഭിഭാഷകര്‍ക്ക് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അനുവാദം നല്‍കും.

ദില്ലി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി സുപ്രീംകോടതി . ഏപ്രില്‍ നാല് മുതല്‍ കോടതി നടപടികള്‍ പൂർണമായും നേരിട്ട് നടത്തും. ഓണ്‍ലൈൻ വാദം ആവശ്യപ്പെടുന്ന അഭിഭാഷകര്‍ക്ക് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അനുവാദം നല്‍കും. നിലവില്‍ നേരിട്ടും ഓണ്‍ലൈനായുമായാണ് കോടതി നടപടികള്‍ നടത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 2020 മാർച്ചില്‍ കോടതി നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.. 

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി താഴോട്ട് വരികയാണ്. നിലവിൽ 14,7074 പേരാണ് കൊവിഡ് ബാധിതരായി രാജ്യത്തുള്ളത്. 707 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകൾ 15,000 ത്തിൽ താഴെയെത്തുന്നത്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.03% ശതമാനമാണ്. 2020 ഏപ്രിൽ 21-ലെ സജീവ കേസുകളുടെ എണ്ണം 14,759 ആയിരുന്നു. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,233 പേർക്കാണ്. 1,876 പേർ സുഖം പ്രാപിച്ചതോടെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,87,410 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.75%.