Asianet News MalayalamAsianet News Malayalam

വിവാഹമോചനം കിട്ടാന്‍ ഒരു പങ്കാളിയെ മോശമായോ, കുറ്റക്കാരായോ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിവാഹമോചന കേസുകളില്‍ നിര്‍ണ്ണായകമായ ഈ നിരീക്ഷണം നടത്തിയത്. 

Supreme court said Divorce should not require proving the fault of one of the spouses
Author
First Published Sep 29, 2022, 8:22 AM IST

ദില്ലി: വിവാഹമോചന കേസില്‍ ദമ്പതികളില്‍ ഒരാള്‍ മോശക്കാരനാണെന്നോ, എന്തെങ്കിലും കുറ്റം അയാളില്‍ ഉള്ളതായോ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. പങ്കാളികള്‍ക്ക് യാതൊരു പ്രശ്നം ഇല്ലാത്ത അവസ്ഥയിലും അവരുടെ ബന്ധം പൊരുത്തപ്പെടാന്‍ കഴിയാത്ത രീതിയില്‍ ആകാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിവാഹമോചന കേസുകളില്‍ നിര്‍ണ്ണായകമായ ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരാണ് കേസുകള്‍ പരിഗണിച്ച ബെഞ്ചില്‍ ഉണ്ടായിരുന്നത്. ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം. ഈ കേസില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും.

പലപ്പോഴും എന്ത് കൊണ്ട് വിവാഹ മോചനം എന്ന സമൂഹത്തിന്‍റെ ചോദ്യത്തില്‍ നിന്നാണ് വിവാഹ മോചനത്തില്‍ കക്ഷികള്‍ തമ്മില്‍ കോടതിയില്‍ നടത്തുന്ന ആരോപണങ്ങളുടെ അടിസ്ഥാനം. ഇത് തെറ്റായ രീതിയാണെന്ന് കോടതി വിലയിരുത്തി. രണ്ട് നല്ല വ്യക്തികള്‍ക്ക് ഒരുപക്ഷേ രണ്ട് നല്ല പങ്കാളികളായിരിക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്നും കോടതി നിരീക്ഷിച്ചു. 

വിവാഹമോചന കേസില്‍ കക്ഷികൾ ആരോപിക്കുന്ന ആരോപണങ്ങള്‍ ഭൂരിഭാഗവും സാമൂഹിക മാനദണ്ഡങ്ങളിൽ നിന്നും പ്രതീക്ഷകളിൽ നിന്നും ഉണ്ടാകുന്നതാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. “ഇത്തരം അവസ്ഥയില്‍ പല ആരോപണവും എന്താണ് തെറ്റ് എന്ന് തോന്നും? അവൾ രാവിലെ എഴുന്നേറ്റ് എന്റെ മാതാപിതാക്കൾക്ക് ചായ കൊടുക്കാറില്ല എന്ന് ആരെങ്കിലും പറയും.. അതൊരു തെറ്റാണോ? അവയിൽ പലതും സാമൂഹിക മാനദണ്ഡങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്... അവിടെ നിന്ന് അവര്‍ തെറ്റ് ആരോപിക്കുന്നു,” കോടതി പറഞ്ഞു.

കക്ഷികളെ കുടുംബകോടതിയിലേക്ക് അയക്കാതെ വിവാഹമോചനം അനുവദിക്കുന്നതിന് ആർട്ടിക്കിൾ 142 പ്രകാരം സുപ്രീം കോടതി അതിന്‍റെ അധികാരം വിനിയോഗിക്കണമോയെന്ന് പരിശോധിക്കാൻ 2016-ലാണ് ഭരണഘടനാ ബെഞ്ചിനെ നിയോഗിച്ചത്. ആ സമയത്ത് മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്സിംഗ്, വി ഗിരി, ദുഷ്യന്ത് ദവെ, മീനാക്ഷി അറോറ എന്നിവരെ ബെഞ്ചിനെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.

ശിവസേന തർക്കം; പാർട്ടി ചിഹ്നം ആർക്കെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

വിവാഹമോചന സമയത്ത് ഭർത്താവ് ആവശ്യപ്പെട്ടത് സ്വകാര്യചിത്രങ്ങളടങ്ങിയ ആൽബം, തരില്ല എന്ന് സ്ത്രീ

Follow Us:
Download App:
  • android
  • ios