മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല സമുച്ചയത്തിന് സമീപത്തുള്ള ദർഗയിൽ മുസ്ലീം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച പ്രാർഥന നടത്താൻ സുപ്രീംകോടതിയുടെ അനുമതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് മുസ്ലീം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച നമസ്ക്കാരത്തിന് അനുമതി നൽകിയത്.
ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല സമുച്ചയത്തിന് സമീപത്തുള്ള ദർഗയിൽ മുസ്ലീം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച പ്രാർഥന നടത്താൻ സുപ്രീംകോടതിയുടെ അനുമതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് മുസ്ലീം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച നമസ്ക്കാരത്തിന് അനുമതി നൽകിയത്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ മൂന്നുമണി വരെ മുസ്ലീം മതവിശ്വാസികൾക്ക് ദർഗയിൽ പ്രാർഥന നടത്താമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മധ്യപ്രദേശ് സർക്കാർ ഇതിനായി സൗകര്യമൊരുക്കണമെന്നും ഇത് നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്നും കോടതി നിർദേശം നൽകി.
നേരത്തേ കോടതി വിധിയനുസരിച്ച് പ്രാർഥനയ്ക്കായി അനുവദിച്ച സ്ഥലം സമുച്ചയത്തിൽനിന്ന് 1.3 കിലോമീറ്റർ അകലെയാണെന്നും സമുച്ചയത്തിനോട് ചേർന്ന് പ്രാർഥനയ്ക്ക് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്ലീം മതവിശ്വാസികൾ സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്നാണ് സമുച്ചയത്തിന് സമീപത്തെ ദർഗയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് സുപ്രീംകോടതി അനുമതി നൽകിയത്.
സുപ്രീംകോടതിയിൽ നടന്ന വാദത്തിനിടെ പരസ്പരമുള്ള അവകാശതർക്കത്തിലേക്ക് കടക്കാൻ ഭരണകൂടം ആഗ്രഹിക്കുന്നില്ലെന്നും ക്രമസമാധാന നിലയിൽ മാത്രമാണ് സർക്കാരിന്റെ ശ്രദ്ധയെന്നുമായിരുന്നു മധ്യപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജ് പറഞ്ഞത്. എന്നാൽ, മതപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതും ക്രമസമാധാനം നിലനിർത്തുന്നതുമെല്ലാം സർക്കാരിന്റെ ചുമതലയാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സമുച്ചയത്തിന് സമീപത്തുള്ള ദർഗയിലേക്ക് പ്രവേശനത്തിനും പുറത്തേക്ക് പോകാനും പ്രത്യേക വഴികളുണ്ടെന്നും കോടതി വിലയിരുത്തി. തുടർന്നാണ് ദർഗയിൽ വെള്ളിയാഴ്ച നമസ്കാരത്തിന് കോടതി അനുമതി നൽകിയത്.
മെയ് 15-നാണ് ഭോജ്ശാല ക്ഷേത്രം- കമാൽ മൗല പള്ളി സമുച്ചയ തർക്കത്തിൽ മധ്യപ്രദേശ് ഹൈക്കോടതി സുപ്രധാനവിധി പുറപ്പെടുവിച്ചത്. തർക്ക സമുച്ചയം ക്ഷേത്രസ്ഥലമാണെന്നായിരുന്നു കോടതിയുടെ വിധി. സമുച്ചയം സരസ്വതി ദേവിക്കായി സമർപ്പിക്കപ്പെട്ട ക്ഷേത്രമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇവിടെ മുസ്ലീങ്ങൾക്ക് പ്രാർഥന നിർവഹിക്കാൻ നൽകിയ അനുമതിയും റദ്ദാക്കിയിരുന്നു.


