Asianet News MalayalamAsianet News Malayalam

ശബരിമല മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേയില്ല, മേൽശാന്തി നിയമനം അന്തിമവിധിക്ക് അനുസൃതമാകുമെന്ന് സുപ്രിം കോടതി

ശബരിമല മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ അനുവദിക്കാതെ സുപ്രിം കോടതി. 

Supreme Court says sabarimala melshanthi appointment will be in accordance with final verdict
Author
First Published Oct 17, 2022, 5:10 PM IST

ദില്ലി: ശബരിമല മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ അനുവദിക്കാതെ സുപ്രിം കോടതി. മാവേലിക്കര സ്വദേശി എൻ. വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിൽ ദേവസ്വം ബോർഡിന് സുപ്രിം കോടതി നോട്ടീസ് അയച്ചു. നറുക്കെടുപ്പിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 

രണ്ട് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ ബോർഡിനോട്  ജസ്റ്റിസുമാരായ കൃഷ്‌ണ മുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. മേൽശാന്തി നിയമനം ഈ കേസിന്റെ അന്തിമ വിധിക്ക് അനുസരിച്ചാകുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ ആര്യാമം സുന്ദരമാണ് ഹർജിക്കാരനായ വിഷ്ണു നമ്പൂതിരിക്കായി വാദിച്ചത്.  അഭിഭാഷക രോഹിണി മുസയാണ് ഹർജി ഫയൽ ചെയ്തത്. 

അപേക്ഷ സമർപ്പിക്കാൻ നിർദേശിക്കപ്പെട്ട ഫോർമാറ്റിൽ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റ് ഉൾപ്പടെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജിക്കാരന്റെ അപേക്ഷ തള്ളിയത്.എന്നാൽ ബോർഡിന്റേത് അല്ലാത്ത ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് അപേക്ഷ നൽകാൻ കഴിയാത്ത തരത്തിലാണ് അപേക്ഷാ ഫോം തയ്യാറാക്കിയത് എന്നായിരുന്നു ഹർജിക്കാരാനായ വിഷ്ണു നമ്പൂതിരിയുടെ വാദം. 

Read more:  അയ്യപ്പ ഭക്തര്‍ക്ക് മുന്നറിയിപ്പ്, കൊട്ടാരക്കര ദിണ്ടുക്കൽ പാതയിൽ 27 ഇടങ്ങളിൽ അപകട സാധ്യതയെന്ന് എംവിഡി

അതേസമയം, തുലാമാസ പൂജകൾക്കും മേൽശാന്തിമാരുടെ നറുക്കെടുപ്പിനുമായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്നു ദീപം തെളിയിച്ചു.  ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഇല്ല. ഒന്നാം തീയതിയായ നാളെ പുലർച്ചെ അഞ്ചുമണിക്ക് നട തുറന്ന് പൂജകൾക്ക് ശേഷം രാവിലെ 7:30ന്  പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ആദ്യം ശബരിമല മേൽശാന്തി നറുക്കെടുപ്പ് ആണ് നടക്കുക. തുടർന്ന് മാളികപ്പുറത്ത് മേൽശാന്തിയെ തിരഞ്ഞെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കൃത്രികേഷ് വർമ്മയും  പൗർണമി വർമ്മയും ആണ്  മേൽശാന്തി മാരെ നറുക്കെടുക്കുക.

Follow Us:
Download App:
  • android
  • ios