ദില്ലി: ദില്ലിയിലെ തീസ് ഹസാരി കോടതിയിലുണ്ടായ പൊലീസ് അഭിഭാഷക തര്‍ക്കത്തില്‍ ഇടപെട്ട് സുപ്രീംകോടതി. ഇരുപക്ഷത്തും വീഴ്ച ഉണ്ടായെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദില്ലി കോടതി വളപ്പില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. കോടതി വളപ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി അഭിഭാഷകനും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാക്കേറ്റം അക്രമാസക്തമാകുകയായിരുന്നു. പൊലീസ് അഭിഭാഷകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തതോടെ അഭിഭാഷകര്‍ പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. 

ഇതിനിടെ പൊലീസ് വെടിയുതിര്‍ക്കുകയും  മൂന്ന് അഭിഭാഷകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് പൊലീസ് കാറുകളും ഇരുപതിലധികം ബൈക്കുകളുമാണ് ആക്രമണത്തിനിടെ കത്തിനശിച്ചത്. നിരവധി പൊലീസ് വാഹനങ്ങളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കോടതിയില്‍ നിര്‍ത്തിയിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ബൈക്കുകള്‍ കൂട്ടത്തോടെ കത്തിച്ചപ്പോള്‍ കോടതിയുടെ മൂന്ന് നിലയിലധികം ഉയരത്തില്‍ കരി പടര്‍ന്നിരുന്നു. ദില്ലിയിലെ കനത്ത വായുമലിനീകരണത്തിനിടയില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ കത്തിച്ചപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. 

അതേസമയം സംഘർഷം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ക്രമസമാധാന ചുമതലയുള്ള രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. നോർത്ത് ലോ ആൻഡ്‌ ഓർഡർ സ്പെഷ്യൽ കമ്മീഷണർ സഞ്ജയ്‌ സിംഗിനെ ട്രാൻസ്‌പോർട് കമ്മീഷണറായും നോർത്ത് അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹരിന്ദർ കുമാർ സിംഗിനെ റെയിൽവേ ഡിസിപി ആയുമാണ് സ്ഥലം മാറ്റിയത്. റെയിൽവേ ഡിസിപി ആയിരുന്ന ദിനേശ് കുമാർ ഗുപ്‌തയെ നോർത്ത് അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണർ ആയി നിയമിച്ചു.