ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിനിടെ കോടതി വളപ്പിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി വിശദീകരണം തേടി. ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിൽ കെപിസിസിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആർക്കും കോടതിയെ ഭീഷണിപ്പെടുത്താനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ദില്ലി: ഇന്ത്യാസഖ്യ മാർച്ചിനിടെ കോടതി വളപ്പിൽ പെരുമാറിയ രീതിയിൽ രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിൽ കെപിസിസിക്കും സുപ്രീംകോടതി നോട്ടീസയച്ചു. ആർക്കും കോടതിയെ ഭീഷണിപ്പെടുത്താനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആഞ്ഞടിച്ചു. ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് അയച്ചു. വനിത മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമ കേസുകളിൽ വനിത ജഡ്ജി ഉൾപ്പെട്ട അന്വേഷണ സമിതി രൂപീകരിക്കും എന്ന സൂചനയും കോടതി നൽകി.
ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെട പതിനൊപ്പ പ്രതിപക്ഷ നേതാക്കൾ നൽകിയതടക്കം നിരവധി ഹർജികളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്. പ്രതിപക്ഷ നേതാക്കളുടെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനും നോട്ടീസ് അയച്ച കോടതി ഇത് സമാന കേസുകൾക്കൊപ്പം കേൾക്കാം എന്നറിയിച്ചു. എന്നാൽ അടുത്ത് കേസ് പരിഗണിക്കുമ്പോൾ ഹർജിക്കാരിലൊരാളുടെ പെരുമാറ്റത്തെക്കുറിച്ച് വിശദീകരണം ആദ്യം കിട്ടണം എന്ന് ചീഫ് ജസ്റ്റിസ് കർശന നിലപാടെടുത്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീംകോടതി രജിസ്ട്രിയിലേക്ക് പ്രതിഷേധക്കാർ കയറിയതിലാണ് ഈ അതൃപ്തി ചീഫ് ജസ്റ്റിസ് അറിയിച്ചത്.
രജിസ്ട്രിയിലെ സംഭവങ്ങളിൽ രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. വനിത മാധ്യമപ്രവർത്തകയെ രാഹുൽ പിടിച്ചു തള്ളിയെന്ന പരാതി പരിശോധിക്കാമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസിനെതിരായ കോൺഗ്രസ് കേരള ഘടകത്തിൻറെ ട്വീറ്റ് ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയിലും നോട്ടീസുണ്ട്. ചില്ലുമേടയിൽ അല്ല ഇരിക്കുന്നതെന്നും പുറത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ആർക്കും കോടതിയെ ഭീഷണിപ്പെടുത്താനാകില്ലെന്നും രണ്ടംഗ ബഞ്ച് ആഞ്ഞടിച്ചു.
ദില്ലിയിലെ സമരത്തിനിടെ ഇൻറർനെറ്റ് റദ്ദാക്കിയതിൽ നിരുപാധികം മാപ്പു പറയുന്നു എന്ന വാചകം കേന്ദ്രം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ ഇത് നിയമപ്രകാരമുള്ള വാചകമാണെന്നും നിയന്ത്രണങ്ങൾ വേണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചു. സുപ്രീംകോടതി പരാമർശത്തിൻറെ അടിസ്ഥാനത്തിലല്ല ഒരു കമ്മിറ്റി നൽകിയ ശുപാർശ അനുസരിച്ചാണ് ജന്തർമന്തർ സമരസ്ഥലം അല്ലാതാക്കിയതെന്നും കേന്ദ്രം അറിയിച്ചു.
ജന്തർമന്തർ ഇന്ന് തന്നെ തുറക്കണം എന്ന ആവശ്യം തള്ളിയ കോടതി ഇക്കാര്യത്തിൽ വാദം കേൾക്കാം എന്നറിയിച്ചു. വനിത മാധ്യമപ്രവർത്തകരെ ലൈംഗികമായി അതിക്രമിച്ചു എന്ന പരാതികൾ ഗൗരവത്തോടെ കാണുന്നു. ഇക്കാര്യം പരിശോധിക്കാൻ സമിതി രൂപീകരിക്കും എന്ന് സൂചിപ്പിച്ച കോടതി പേരുകൾ നൽകാൻ അഭിഭാഷക ഇന്ദിര ജയ്സിംഗിനോട് ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം, തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നീ രണ്ട് മൗലിക അവകാശങ്ങൾ മാധ്യമപ്രവർത്തകർക്കുണ്ട്. എന്നാൽ എല്ലാവരും മാധ്യമപ്രവർത്തകരാകുന്നത് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. സമ്മർദ്ദം ചെലുത്തിയതു കൊണ്ട് കാര്യമില്ല എന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് ഇന്ന് പ്രതിപക്ഷ നേതാക്കൾക്ക് നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് പെരുമാറ്റം വിശദീകരിക്കാൻ കോടതി ആവശ്യപ്പെടുന്നത് അസാധാരണമാണ്. ദസറ അവധിയായതിനാൽ ഗ്യാനേഷ് കുമാറിനെതിരെ കോടതിയിൽ എന്തു നീക്കം ഉണ്ടാകും എന്നതറിയാൻ ഇനി രണ്ടാഴ്ച കാത്തിരിക്കണം.
