ഇ‍ഡിയുടെ മറുപടിക്ക് ശേഷം കേസിൽ വാദം കേൾക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

ദില്ലി: ദില്ലി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്‍റെ ഹര്‍ജിയില്‍ ഇഡിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. നോട്ടീസിന് ഈ മാസം 29 നകം മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഈ വെള്ളിയാഴ്ച കേള്‍ക്കണമെന്ന അരവിന്ദ് കേജ്രിവാളിന്‍റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയുടെ ആവശ്യം കോടതി നിരസിച്ചു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും. 

കേസില്‍ പ്രാഥമിക വാദങ്ങള്‍ക്ക് കെജരിവാളിന്റെ അഭിഭാഷകൻ ശ്രമിച്ചെങ്കിലും ജസ്റ്റീസുമാരായ സജ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് ഇത് അനുവദിച്ചില്ല. കേസിനെപ്പറ്റി കോടതിക്ക് അറിയാമെന്നും മാധ്യമങ്ങളില്‍ നിന്ന് അറിയുന്നുണ്ടെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അതേ സമയം കേജ്രിവാളിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി വിചാരണക്കോടതി ഈ മാസം 23 വരെ നീട്ടി.

ഇതിനിടെ മദ്യനയക്കേസിൽ സിസോദയയുടെ ജാമ്യപേക്ഷ നീളുന്നതിൽ വിചാരണക്കോടതിയെ അഭിഭാഷകൻ അതൃപ്തി അറിയിച്ചു. ജാമ്യത്തിനുള്ള ഹർജി ഏപ്രിൽ 20 ലേക്ക് കോടതി മാറ്റി. തീരുമാനം നീളുകയാണെന്നും ഇത് അനീതിയെന്നും അഭിഭാഷകൻ വാദത്തിനിടെ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്