ചരിത്രപരമായ സംസ്കാരത്തിന്‍റെ ഭാഗമാണ് ആന എഴുന്നള്ളിപ്പ് അടക്കമുള്ളവയെന്നും അത് ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന തോന്നലുണ്ടെന്നും സുപ്രീംകോടതി ജഡ്ജി.
ദില്ലി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വിമർശനങ്ങളോടെ സ്റ്റേ ചെയ്തു സുപ്രീംകോടതി. ആനകളുടെ സർവേ എടുക്കണമെന്നതടക്കമുള്ള നിർദേശത്തിനാണ് സ്റ്റേ. ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇത് തടയാനുള്ള നീക്കമാണോ നടക്കുന്നതെന്നും ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു.
വളര്‍ത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറത്തിറക്കിയെന്ന് ചോദ്യം വാദത്തിനിടെ കോടതി ചോദിച്ചത്. നാട്ടാനകളുടെ സർവേ അടക്കം ഉത്തരവുകൾ ചോദ്യം ചെയ്ത വിശ്വ ഗജസേവാ സമിതിയെന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിൽ സ്വമേധയ എടുത്ത കേസിൽ വാദം കേൾക്കുന്ന ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർക്ക് മൃഗസ്നേഹികളുടെ സംഘടനകളുമായി ബന്ധമുണ്ട്. സുതാര്യമായ നടപടി അല്ല ഹൈക്കോടതിയുടെതെന്നും വാദത്തിനിടെ ഹർജിക്കാരുടെ അഭിഭാഷകർ ആരോപിച്ചു. ഹൈക്കോടതിയിലെ മുഴുവൻ നടപടികളും സ്റ്റേ ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചു. എന്നാൽ ഇതിന് വിസമ്മതിച്ച കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തു.
ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അത് അവസാനിപ്പിക്കാനുള്ള നീക്കമാണോ ഹൈക്കോടതിയിൽ നടക്കുന്നതെന്നും ജസ്റ്റിസ് ബിവി നാഗരത്ന ചോദിച്ചു. വിശ്വ ഗജസേവാ സമിതിക്കായി മുതിർന്ന അഭിഭാഷകന്‍ വികാസ് സിങ്ങിന് പുറമെ അഭിഭാഷകന്‍ സി.ആര്‍. ജയസുകിയനും സുപ്രീംകോടതിയില്‍ ഹാജരായി.
അതേസമയം ആന എഴുന്നള്ളിപ്പിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന അറിയിച്ചു. ദേവസ്വങ്ങള്‍ക്ക് തങ്ങളുടെ നിലപാട് കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അല്ലെങ്കില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ നിലവിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരാമെന്നും ബെഞ്ച് അറിയിച്ചു. തുടർന്ന്ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകി. കേസിൽ ദേവസ്വങ്ങൾക്കായി മുതിർന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി, അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് എന്നിവർ ഹാജരായി .

Read More : അതിദാരിദ്ര്യ മുക്തമായി കണ്ണപുരം ഗ്രാമപഞ്ചായത്ത്; കൈപിടിച്ചുയർത്തിയത് 66 കുടുംബങ്ങളെ, പ്രഖ്യാപിച്ച് മന്ത്രി
