ദില്ലി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകളുടെ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും  ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന്  എങ്ങനെ നഷ്ടപരിഹാര തുക ഈടാക്കും എന്നതിൽ കോടതി നിലപാട് വ്യക്തമാക്കിയേക്കും. ഇടക്കാല നഷ്ടപരിഹാരമായ 62 കോടിയിൽ
നിർമാതാക്കൾ 4 കോടി 89 ലക്ഷം രൂപ മാത്രമാണ് നൽകിയിട്ടുള്ളത്. 

വസ്തുക്കൾ വിറ്റ് നഷ്ടപരിഹാരം നൽകാൻ ആൽഫ  വെഞ്ചേഴ്‌സും ജയിൻ ഹൗസിങും നൽകിയ അപേക്ഷകൾ തള്ളിയതായി ജസ്റ്റിസ് ബാലകൃഷ്‌ണൻ നായർ സമിതി കോടതിയെ  അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് നഷ്ടപരിഹാരം നൽകാൻ  ബാധ്യതയില്ലെന്നും  സർക്കാരിന് ചെലവായ മുഴുവൻ തുകയും നിർമാതാക്കളിൽ നിന്ന് ഈടാക്കി തിരികെ നൽകണമെന്നുമാണ് സർക്കാരിന്റെ നിലപാട്. 

തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സംവിധായകൻ മേജർ രവി നൽകിയ കോടതി അലക്ഷ്യ ഹർജിയും ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച്  ഇതോടൊപ്പം പരിഗണിക്കും.