Asianet News MalayalamAsianet News Malayalam

കൊവിഡ്: ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക മാർഗരേഖ വേണമെന്ന് നഴ്‌സുമാരുടെ സംഘടനകൾ; ഹർജി സുപ്രീം കോടതിയിൽ

ആവശ്യമായ സുരക്ഷ കിറ്റുകൾ ഇല്ലാത്തതിനാൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്
Supreme Court to consider nurses plea for special covid guidelines for health workers
Author
Delhi, First Published Apr 15, 2020, 6:36 AM IST
ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പ്രത്യേക മാർഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നേഴ്സ്സ് അസോസിയേഷൻ, ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ എന്നിവർ നൽകിയ ഹർജികൾ സുപ്രീകോടതി ഇന്ന് പരിഗണിക്കും. ആവശ്യമായ സുരക്ഷ കിറ്റുകൾ ഇല്ലാത്തതിനാൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ച പശ്ചാതലത്തിലാണ് സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്. 

കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കുക, പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റിന്റെ അഭാവം പരിഹരിക്കുക. എൻ - 95 മാസ്‌ക്കുകൾ, നോർമൽ മാസ്‌ക്കുകൾ, ഗ്ലൗസുകൾ എന്നിവ ആരോഗ്യ പ്രവർത്തകർക്ക് ഉറപ്പാക്കുന്നതിന് നടപടി സ്വികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജികൾ.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കർണാടകത്തിൽ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവിൽ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശിൽ ഇന്നലെ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം ഒൻപതായി. തെലങ്കാനയിൽ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗൺ നീട്ടുന്നതിൻറെ ഭാഗമായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കും. ഏപ്രിൽ ഇരുപതിന് ചില മേഖലകൾക്ക് ഇളവ് നൽകുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇന്ന് കേന്ദ്രം നൽകും. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ ചർച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും.
Follow Us:
Download App:
  • android
  • ios