കുടിശിക പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കുമെന്നും വിഷയം താന്‍ വ്യക്തിപരമായി തന്നെ പരിശോധിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ എസ്. വെങ്കിട്ടരമണി വ്യക്തമാക്കി. 


ദില്ലി: വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ കുടിശിക മാര്‍ച്ച് 15 -ന് മുന്‍പ് കൊടുത്ത് തീര്‍ക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി. എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റെതാണ് നിര്‍ദേശം. കുടിശിക പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കുമെന്നും വിഷയം താന്‍ വ്യക്തിപരമായി തന്നെ പരിശോധിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ എസ്. വെങ്കിട്ടരമണി വ്യക്തമാക്കി. പദ്ധതിയില്‍ 25 ലക്ഷം പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെ പെന്‍ഷന്‍ കണക്കാക്കുന്ന നടപടി പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ധനവകുപ്പ് നടത്തി വരികയാണെന്നും എജി വ്യക്തമാക്കി. 

പെന്‍ഷന് കാത്തിരുന്നവരില്‍ നാല് ലക്ഷം പേരെങ്കിലും ഇതിനോടകം മരണമടഞ്ഞിട്ടുണ്ടെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ചൂണ്ടിക്കാട്ടി. 2019 ജൂലൈയില്‍ എങ്കില്‍ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കേണ്ടതായിരുന്നു. 2022 മാര്‍ച്ചില്‍ മൂന്ന് മാസത്തിനുള്ള പെന്‍ഷന്‍ കണക്കാക്കി കുടിശിക തീര്‍ക്കണമെന്ന് സുപ്രീംകോടതി തന്നെ നിര്‍ദേശിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ വീണ്ടും മൂന്ന് മാസം കൂടി സമയം നീട്ടി നല്‍കി. പെന്‍ഷന്‍ എത്രയും വേഗം തന്നെ കൊടുത്ത് തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റീസ് അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസർക്കാരിന്‍റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്ത്യന്‍ എക്സ്സ് സർവീസ് മൂവ്മെന്‍റ് നല്‍കിയ ഹർജി തള്ളിയായിരുന്നു കോടതി അന്ന് വിധിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് കുടിശ്ശികയിനത്തില്‍ മാത്രം ഏതാണ്ട് രണ്ടായിരം കോടി രൂപ കണ്ടത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇത് മുടങ്ങി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തില്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം നേരിടേണ്ടിവന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധം തണുപ്പിക്കാന്‍ ഒരു റാങ്ക് ഒരു പെൻഷന്‍ പദ്ധതിയിലെ കുടിശ്ശിക അടക്കം നല്‍കാന്‍ കേന്ദ്ര സർക്കാര്‍ ഊര്‍ജ്ജീതമായ നീക്കം നടത്തിയിരുന്നു. പ്രതിഷേധം തണുത്തതിന് പിന്നാലെ കുടിശ്ശിക നല്‍കുന്നതും വൈകി. ഇതേ തുടര്‍ന്നാണ് പുതിയ ഹര്‍ജി കോടതിയില്‍ എത്തിയത്. 

കൂടുതല്‍ വായനയ്ക്ക്: അഗ്നിപഥ് പ്രതിഷേധം മയപ്പെടുത്താൻ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയിലെ പെൻഷൻ കുടിശ്ശിക നൽകാൻ കേന്ദ്രം