Asianet News MalayalamAsianet News Malayalam

കര്‍ണാടകയില്‍ കൂറുമാറിയ എംഎല്‍എമാര്‍ അയോഗ്യര്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും സുപ്രീംകോടതി

17 കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ കേസിലാണ് വിധി വന്നത്. 

supreme court verdict on 17 karnataka rebel mla case
Author
Delhi, First Published Nov 13, 2019, 10:53 AM IST

ദില്ലി: കര്‍ണാടകയില്‍ 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്‍റെ നടപടി സുപ്രീംകോടതി ശരിവെച്ചു.17 എംഎൽഎമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ കേസിലാണ് വിധി വന്നത്. അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. 2023 വരെ മത്സരിക്കാന്‍ സാധിക്കില്ലെന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി.അതിനാല്‍ ഉടനെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാം. ജനങ്ങൾക്ക് സ്ഥിരതയുള്ള സർക്കാരിന് അവകാശമുണ്ടെന്നും അതിനായി ജനാധിപത്യ സംവിധാനത്തിലെ മുല്യച്യുതികൾ മറികടക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

രാജിയും അയോഗ്യതയും തമ്മിൽ ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് ബിജെപിക്ക് ആശ്വാസകരമാണ്. അതേസമയം ജനാധിപത്യത്തില്‍ ധാര്‍മികത പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു. രാജിവെക്കാനുള്ള അവകാശം അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാകില്ല. രാജി സ്വമേധയാ ആണോ എന്ന് പരിശോധിക്കാനുള്ള അവകാശം സ്പീക്കർക്കുണ്ട്. എംഎൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക‌് അധികാരമുണ്ട് എന്നാല്‍ നിശ്ചിതകാലത്തേക്ക് അയോഗ്യരാക്കാനാകില്ല. 

എംഎൽഎമാർ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതിനോട് യോജിക്കുന്നില്ലെന്നും അയോഗ്യതക്കെതിരെ എംഎൽഎമാർ ഹൈക്കോടതിയെ സമീപിക്കേണ്ടതായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ജനാധിപത്യസംവിധാനത്തിൽ രാജിവെക്കാൻ എല്ലാവർക്കും അവകാശമുണ്ട‌്. സ്പീക്കറുടെ ഭരണഘടന അവകാശങ്ങൾ കോടതി ശരിവെക്കുന്നു. സ്പീക്കർക്ക് അയോഗ്യരാക്കാൻ അധികാരമുണ്ടെങ്കിലും നിയമസഭാകാലാവധി മുഴുവൻ അയോഗ്യത കല്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.അതേ സമയം കോൺഗ്രസും ജെഡിഎസും പുനഃപരിശോധനാ ഹർജി നൽകിയേക്കുമെന്നാണ് നിലവിലെ വിവരം. 

കോടതി വിധിയോടെ സംസ്ഥാനത്ത് ഉടനെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്ക് മത്സരിക്കാം. സംസ്ഥാനത്ത് ആകെ 17 സീറ്റുകളിലാണ് ഒഴിവുള്ളത്. 15 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മസ്കി രാജരാജേശ്വരി നഗര്‍ മണ്ഡലങ്ങളുടെ ഫലവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഈ രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

ഈ 15 മണ്ഡലങ്ങളിലെ കോൺഗ്രസ്-ജെഡിഎസ് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. നേരത്തെ ഒക്ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എംഎൽഎമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നതിനാൽ, പിന്നീട് സുപ്രീം കോടതി നിർദേശ പ്രകാരം  ഡിസംബർ 5ലേക്ക് മാറ്റി വെച്ചു 7 സീറ്റിലെങ്കിലും ബിജെപി ജയിക്കുകയാണെങ്കിൽ യെദ്യൂരപ്പ സർക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാം. അല്ലെങ്കിൽ സർക്കാർ താഴെപോകും. 

നിലവിൽ ഭരണകക്ഷി ബിജെപിക്ക് ഒരു സ്വതന്ത്രനും ഒരു കെപിജെപി അംഗവും ഉൾപ്പെടെ 106 അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തിനാകെ 101 അംഗങ്ങളാണുള്ളത്. കോൺഗ്രസ് -66, ജെഡിഎസ് – 34, ബിഎസ്പി–1 എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയുടെ സീറ്റ് നില. 

Follow Us:
Download App:
  • android
  • ios