ദക്ഷിണേന്ത്യയിലെ ഐടി ഹബ്ബായ ബാംഗ്ലൂരും ചെന്നൈയും ഹൈദരാബാദുമെല്ലാം മെല്ലെ മെല്ലെ ഓരോ 'കുട്ടി ദില്ലി'കളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഓരോ പ്രധാന നഗരവും ശ്വാസം മുട്ടുന്ന ഒരു വലിയ വിഷപ്പുകച്ചുഴിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു..
ദില്ലി: വായു മലിനീകരണത്തിന്റെ കാര്യത്തിൽ ചരിത്രത്തിൽ ഇതുവരെയില്ലാത്ത മോശമായ സാഹചര്യത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. 'ഗ്യാസ് ചേംബർ' എന്ന് നമ്മൾ വിശേഷിപ്പിക്കാറുള്ള ദില്ലി മുൻനിരയിൽ തന്നെയുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ പുതിയ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും; അപകടം ദില്ലിയിൽ മാത്രം ഒതുങ്ങുന്നില്ല. മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങി ദക്ഷിണേന്ത്യൻ നഗരങ്ങൾ പോലും ശ്വാസം മുട്ടുകയാണ്.
ദില്ലിക്ക് പിന്നാലെ ദക്ഷിണേന്ത്യൻ നഗരങ്ങളും
ദില്ലിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 350-ലേക്ക് കടന്ന് അതീവ ഗുരുതരാവസ്ഥയിൽ തുടരുമ്പോൾ, സമാധാനിക്കാൻ മറ്റു നഗരങ്ങൾക്കും വകയില്ല. ഐടി നഗരമായ ബെംഗളൂരുവിൽ നിലവിലെ വായു മലിനീകരണ തോത് 112-114 എന്ന നിലവാരത്തിലാണ്. പൂജ്യം മുതൽ 100 വരെയാണ് വായു ഗുണനിലവാരം ഉണ്ടാകേണ്ട സുരക്ഷിത പരിധി എന്നോർക്കണം. ബെംഗളൂരുവിലെ പ്രധാന കേന്ദ്രങ്ങളായ വൈറ്റ്ഫീൽഡ്, കോറമംഗല, ഇലക്ട്രോണിക് സിറ്റി, ജയനഗർ, ഇന്ദിരാനഗർ, മല്ലേശ്വരം, സിൽക്ക് ബോർഡ് എന്നിവിടങ്ങളിലെ വായു അനാരോഗ്യകരമായ നിലവാരത്തിലാണ്.
ചെന്നൈയും ഹൈദരാബാദും ഒട്ടും പിന്നിലല്ല
തമിഴ്‌നാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വായു ഗുണനിലവാരമാണ് 2025 ഡിസംബർ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയത്. ചെന്നൈയിലെ എയർ ക്വാളിറ്റി ഇൻഡക്സ് നിലവിൽ 130 ആണ്. ഹൈദരാബാദിലേക്ക് വന്നാൽ സ്ഥിതി കൂടുതൽ ദയനീയമാണ്. 145 ആണ് ഇവിടുത്തെ സൂചിക. ജനുവരി മാസത്തിൽ ഒരിക്കൽ പോലും ഹൈദരാബാദിലെ വായു ശരാശരി നിലവാരത്തിലേക്ക് പോലും എത്തിയിട്ടില്ല എന്നത് ഞെട്ടിക്കുന്ന സത്യമാണ്. മറ്റ് നഗരങ്ങളിലെ അവസ്ഥ, മുംബൈ 199, പൂനെ 195, കൊൽക്കത്ത 191, ദില്ലി 350+ എന്നിങ്ങനെ നീളുന്നു.
അടുത്ത ദില്ലിയാകാൻ നഗരങ്ങളുടെ മത്സരം
വ്യവസായ ശാലകളിൽ നിന്നുള്ള പുക, അമിതമായ വാഹനപ്പെരുപ്പം, അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങൾ, മാലിന്യങ്ങൾ കത്തിക്കൽ എന്നിവയാണ് നഗരങ്ങളെ ശ്വാസം മുട്ടിക്കുന്നത്. ശീതകാലത്തെ കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോൾ വിഷപ്പുക നഗരങ്ങളിൽ തളം കെട്ടി നിൽക്കുന്നു. വായു മലിനീകരണം കേവലം ഒരു പരിസ്ഥിതി പ്രശ്നമല്ല, മറിച്ച് ശ്വാസകോശ രോഗങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും കാരണമാകുന്ന വൻ ആരോഗ്യ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. കുട്ടികളെയും മുതിർന്നവരെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
സർക്കാർ നടപടികളും കർശനമായ നിയമങ്ങളും ഉണ്ടായതുകൊണ്ട് മാത്രം ഈ പ്രതിസന്ധി മറികടക്കാനാവില്ല. പൊതുജനങ്ങളുടെ ബോധവൽക്കരണവും പങ്കാളിത്തവും അനിവാര്യമാണ്. ദില്ലിയിലെ വായുവിനെ പരിഹസിക്കുമ്പോൾ, നമ്മുടെ നഗരങ്ങളും അതേ 'വിഷച്ചുഴിയിലേക്ക്' അതിവേഗം നീങ്ങുകയാണെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.


