ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കേന്ദ്രസർക്കാർ കോടതിക്ക് നൽകിയത്. 

ദില്ലി: ചാരസോഫ്റ്റ് വെയറായ പെഗാസസ് (Pegasus) ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളേയും മാധ്യമപ്രവർത്തകരേയുമടക്കം നൂറുകണക്കിന് പ്രമുഖരുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെക്കുറിച്ച് വിദഗ്ദ്ധസമിതി (expert committee) അന്വേഷിക്കണമെന്ന് സുപ്രീംകോടതി (supreme court) ഉത്തരവിട്ടു. പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ മേൽനോട്ടം വഹിക്കും. 

YouTube video player

നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നവീൻ കുമാർ ചൌധരി, കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിലെ പ്രൊഫസർ ഡി.പ്രഭാകരൻ, ബോംബേ ഐഐടിയിലെ ഡോ.അശ്വിൻ അനിൽ ഗുമസ്തേ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെ വിദഗ്ദ്ധ സമിതിക്ക് പിന്തുണ നൽകാനായി സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്.

YouTube video player

പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളാവും വിദഗ്ദ്ധ സമിതി അന്വേഷിക്കുക. കേന്ദ്രസർക്കാർ സമിതിയുമായി സഹകരിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. വിധി പ്രസ്താവത്തിൽ കേന്ദ്രസർക്കാരിനെതിരെ കോടതി വിമർശനമുന്നയിച്ചു. സുരക്ഷയുടെ പേരും പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കോടതിക്ക് കേന്ദ്രത്തിൽ നിന്നും ലഭിച്ചതെന്നും സുപ്രീംകോടതി വിമർശിച്ചു. എട്ട് ആഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. 

YouTube video player


വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞത് - 

ഭരണഘടന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണ് കോടതി ശ്രമിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ കോടതി ആ​ഗ്രഹിക്കുന്നില്ല. ഈ കേസിൽ ചില ഹർജിക്കാർ പെഗാസസിന്റെ നേരിട്ടുള്ള ഇരകളാണ്. വിവര സാങ്കേതികതയുടെ വളർച്ചക്കിടയിലും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല എല്ലാ വ്യക്തികൾക്കും സ്വകാര്യത അനിവാര്യമാണ്. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കണോ എന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണം. വിവാദത്തിന്റെ അടിവേരുകൾ കണ്ടെത്താൻ ഇവിടെ കോടതി നിർബന്ധിതമാകുന്നു. മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറുന്ന നിയന്ത്രണങ്ങൾ ഭരണഘടന പരിശോധനക്ക് വിധേയമാകണം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ദേശസുരക്ഷയുടെ പേരിൽ സ‍ർക്കാരിന് എന്തും ചെയ്യാൻ പറ്റില്ല. പെ​ഗാസസ് വിവാദത്തിൽ വിദ​​ഗ്ദ്ധസമിതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാവും അന്വേഷണം. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലാവും അന്വേഷണം.