ദില്ലി: എസ്‌സി - എസ്‌ടി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. പട്ടികജാതി, പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം സുപ്രീം കോടതിയുടെ മുൻവിധിയിൽ ദുർബലപ്പെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് പ്രക്ഷോഭങ്ങൾ ഉയരുകയും സർക്കാർ ഭേദഗതി കൊണ്ടുവരികയുമായിരുന്നു. ഈ ഭേദഗതിയാണ് സുപ്രീം കോടതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ഭേദഗതിയെ എതിർത്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് നിയമ ഭേദഗതി ശരിവച്ചത്. പുതിയ ഭേദഗതി പ്രകാരം എസ്‌സി എസ്‌ടി വിഭാഗക്കാർക്കെതിരായ അതിക്രമങ്ങളിൽ കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണം വേണ്ട. ഇതിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയും ആവശ്യമില്ല.

ഈ നിയമ പ്രകാരം നൽകപ്പെടുന്ന പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റുചെയ്യരുതെന്നാണ് 2018 മാര്‍ച്ച് 20ന് സുപ്രിംകോടതി വിധിച്ചത്. നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകരുതെന്നും സുപ്രീം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. 

ഇതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. പുതിയ നിയമപ്രകാരം പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. എന്നാല്‍, കോടതിക്ക് അസാധാരണ സാഹചര്യത്തില്‍  എഫ്‌ഐആര്‍ റദ്ദാക്കാനാവും.