ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും പരമോന്നത കോടതി നിരീക്ഷണം നടത്തി

ദില്ലി: കുറ്റകൃത റിപ്പോര്‍ട്ടിങ്ങിന് രാജ്യത്ത് മാധ്യമങ്ങൾക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. ക്രൈം റിപ്പോർട്ടിംഗിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി. അച്ചടി – ദൃശ്യ – സാമൂഹിക മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാര്‍ഗനിര്‍ദേശം ഉണ്ടാകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന ഡി ജി പിമാരു‍ടെയും ദേശീയ മനുഷ്യവകാശ കമ്മീഷനും മറ്റുകക്ഷികളും നിര്‍ദേശങ്ങള്‍ നൽകണം. ഒരു മാസത്തിനകം ഇവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ചാകണം മാര്‍ഗനിര്‍ദേശം തയ്യാറേക്കണ്ടതെന്നും പരമോന്നത കോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

നിപ ജാഗ്രത: സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ, 702 പേരെ കണ്ടെത്തി; മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം വൈകിട്ട്

കുറ്റകൃത്യ അന്വേഷണത്തിലും റിപ്പോർട്ടിംഗിലും മാധ്യമങ്ങളോട് സംസാരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പൊലീസ് വെളിപ്പെടുത്തൽ മാധ്യമ വിചാരണയിൽ കലാശിക്കരുതെന്നും കോടതി ചൂണ്ടികാട്ടി.

വിശദവിവരങ്ങൾ ഇങ്ങനെ

പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ ഊഹാപോഹങ്ങള്‍ വെച്ചുള്ള റിപ്പോര്‍ട്ടിങ്ങിന് കാരണമാകുന്നുവെന്ന് നീരീക്ഷിച്ചാണ് സുപ്രീം കോടതി ഇടപെടൽ. ദൃശ്യമാധ്യമങ്ങളുടെ കാലത്ത് ശൈലി മാറിയെന്നും മാർഗനിർദ്ദേശങ്ങൾ പരിഷ്ക്കരിക്കണമെന്നും കോടതി വ്യക്തമാക്കി. 2010 ൽ ഇതുസംബന്ധിച്ച് ചില മാനദണ്ഡങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയിരുന്നു. റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും വിവരങ്ങള്‍ കൈമാറുന്നത് പൊലീസായതിനാൽ ഇതിൽ ചില നിയന്ത്രണമാകാമെന്നും അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു. ക്രൈം റിപ്പോര്‍ട്ടിങ്ങിന്‍റെ ഭാഗമായ ഊഹാപോഹങ്ങള്‍ വാര്‍ത്തകളായി വരുന്നുണ്ടെന്ന് ചീഫ് ജസ്റ്റീസ് വാക്കാൽ നീരീക്ഷിച്ചു. മാധ്യമങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥർ വിവരം നൽകുമ്പോൾ അത് മാധ്യമ വിചാരണയ്ക്ക് കാരണമാകരുതെന്നും കോടതി പറഞ്ഞു. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ നൽകാൻ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാം സംസ്ഥാന ഡി ജി പിമാരും നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം. മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണം. മാര്‍ഗനിര്‍ദേശ പ്രകാരം പൊലീസ് നല്‍കുന്ന വിവരങ്ങളെ അന്വേഷണം എന്ന രീതിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനാവൂ. പിപ്പീൾസ് യൂണിയൻ ഓഫ് സിവിൽ യൂണിയന്റെ ഹർജിയിലാണ് കോടതി നിർദ്ദേശം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം