ദില്ലി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസ് നാളെ കേൾക്കാമെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജിവയ്ക്കാനുള്ള ഒരാളുടെ അവകാശം ചോദ്യം ചെയ്യാനാകില്ലെന്ന് വിമത എംഎൽഎമാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ആവര്‍ത്തിച്ചു.

രാജിവക്കാനുള്ള അവകാശം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് പത്ത് വിമത എംഎൽഎമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എംഎൽഎമാരോട് വൈകീട്ട് ആറ് മണിക്ക് അകം സ്പീക്കറെ കാണണമെന്ന് സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു. അതിനുള്ള സാഹചര്യം സ്പീക്കര്‍ ഒരുക്കണം. എംഎൽഎമാരെ കണ്ട് അവര്‍ക്ക് പറയാനുള്ളത് കേട്ട് രാജിക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അത് കോടതിയെ അറിയിക്കണമെന്നും ആണ് സുപ്രീംകോടതിയുടെ അഭ്യര്‍ത്ഥന.

 എംഎൽഎമാര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ഡിജിപിക്കും കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. 

read also: കര്‍ണാടകയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് രാജിവച്ചേക്കും; നിർണായക മന്ത്രിസഭാ യോഗം ഇന്ന്