കവര്‍ച്ചാ കേസില്‍ എറണാകുളം സിജെഎം കോടതി അധികാര പരിധി മറികടന്നു ശിക്ഷ വിധിച്ചു എന്നാരോപിച്ചു നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നു സുപ്രീംകോടതി

ദില്ലി: കവര്‍ച്ചാ കേസില്‍ എറണാകുളം സിജെഎം കോടതി അധികാര പരിധി മറികടന്നു ശിക്ഷ വിധിച്ചു എന്നാരോപിച്ചു നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നു സുപ്രീംകോടതി. കവര്‍ച്ച കേസിലെ പ്രതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി തീരുമാനം. തനിക്ക് എതിരായ കേസ് വ്യാജമാണെന്നും കേസിൽ അധികാരപരിധി കടന്ന് ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചെന്നുമാണ് ഹർജിയിൽ പറയുന്നത്. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 394 പ്രകാരം കവർച്ചാ കേസിൽ ജീവപര്യന്തമോ, പത്തു വർഷമോ പിഴയോ ആണ് പരാമവധി ശിക്ഷ. എന്നാൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയ്ക്ക് ഈ വകുപ്പിൽ ശിക്ഷ വിധിക്കാനാകില്ലെന്നും അത് ചെയ്യേണ്ടത് സെക്ഷൻസ് കോടതികളാണെന്നും ഹർജിക്കാരനായി അഭിഭാഷകരായ ടോമി ചാക്കോ, എ ഗുരുദത്ത എന്നിവർ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച ജസ്റ്റീസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. 

കേസില്‍ പ്രതിയായ വ്യക്തി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പൊലീസില്‍ കീഴടങ്ങേണ്ടതില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 1998 ജൂലൈയില്‍ എറണകുളത്ത് പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ഒരു വ്യക്തിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം കഴുത്തില്‍ കിടന്ന മാലയുമായി പ്രതി കടന്നു കളഞ്ഞു എന്നതാണ് കേസ്. എന്നാല്‍, കേസില്‍ പൊലീസിന്റെ വാദങ്ങളൊന്നും തന്നെ ശരിയല്ലെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്.

Read more: തോക്കുപയോഗിച്ച് കേക്ക് മുറിച്ച് 21-കാരൻ, പിന്നാലെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു, 'ബാക്കി കഥ' ജയിലിൽ

അക്രമത്തിനിരയായി എന്നു പറയുന്ന വ്യക്തിക്ക് അക്കാര്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ രേഖകളൊന്നും തന്നെയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 25 വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ ഇപ്പോള്‍ 54 വയസായ തന്നെ വിട്ടയക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. കേസിൽ മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം തടവാണ് വിധിച്ചത്. ഇത് ഹൈക്കോടതി രണ്ട് വർഷമാക്കിയിരുന്നു. ഇതിനെതിരെയാണ് ഹർജി സുപ്രീം കോടതിയിൽ എത്തിയത്.