നിർണായക തീരുമാനമെടുത്ത് സുപ്രീം കോടതി; ഇഡിയുടെ പ്രത്യേക അധികാരങ്ങൾ പുനഃപരിശോധിക്കും, 2022 ലെ വിധി പരിശോധിക്കും
ഒക്ടോബർ 18 ന് പുനഃപരിശോധന ഹർജികൾ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ദില്ലി: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിൽ വ്യക്തത വരുത്തി സുപ്രീംകോടതി. ഇ ഡിക്ക് പ്രത്യേക അധികാരങ്ങൾ അനുവധിക്കപ്പെട്ട 2022 ലെ വിധിയാണ് പരിശോധിക്കാന്‍ സുപ്രീകോടതി തീരുമാനിച്ചത്. ഇതിനായി മൂന്നംഗ ബെഞ്ചും രൂപീകരിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍ , ജസ്റ്റീസ് സഞ്ജീവ് ഖന്ന , ജസ്റ്റീസ് ബെല എം ത്രിവേദി എന്നിവരാണ് വിധി പുനഃപരിശോധിക്കുന്ന ബഞ്ചിലുണ്ടാകുക. ഒക്ടോബർ 18 ന് പുനഃപരിശോധന ഹർജികൾ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇ ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്തുള്ള 245 ഹർജികളിൽ തീർപ്പ് കൽപിച്ചാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പ്രത്യേക അധികാരം ശരിവെച്ചത്. കള്ളപ്പണ നിയമപ്രകാരം അറസ്റ്റ്, കണ്ടുകെട്ടൽ ഉൾപ്പെടെയുള്ളവയിൽ സവിശേഷമായ അധികാരങ്ങൾ കോടതി നിലനിർത്തിയത് ഇ ഡിക്ക് വലിയ നേട്ടമായി. വിധി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന വിമർശനം ഉയർന്നു. വിധിയോടെ പ്രതിപക്ഷ പാർട്ടി നേതാകൾക്കെതിരെ കേന്ദ്രം ഇ ഡിയെ ഉപയോഗിച്ചുള്ള നീക്കം ശക്തമാക്കിയെന്ന ആരോപണവും ഉയർന്നു. ഇക്കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജികൾ എത്തിയത്.
പുനപരിശോധനയ്ക്ക് നേരത്തെ കോടതി സമ്മതിച്ചിരുന്നു. ഇന്ന് ഇ ഡിയുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കവേയാണ് പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ മൂന്നംഗ ബെഞ്ച് രൂപീകരിച്ച കാര്യം കോടതി അറിയിച്ചത്. ജസ്റ്റിസ് എസ് കെ കൗള്‍ , ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് ബെല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാകും വിധി പുനഃപരിശോധിക്കുക. എന്‍ഫോഴ്മമെന്‍റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് , ഇ സി ഐ ആർ, എഫ് ഐ ആറിന് സമാനമല്ലെന്നും പ്രതിക്ക് ഇത് നല്‍കേണ്ടതില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം കർശന ജാമ്യ ഉപാധികൾ നിർദ്ദേശിക്കാനുള്ള അധികാരവും തുടരണോ എന്നതിലാവും മൂന്നംഗ ബഞ്ച് വാദം കേൾക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം