ദില്ലി: ഷഹീൻബാഗ് സമരക്കാരുമായി മധ്യസ്ഥ ചർച്ചയ്ക്ക് സുപ്രീംകോടതി. മുതിർന്ന രണ്ട് അഭിഭാഷകരെ സമരനേതാക്കളുമായി ചർച്ച നടത്താൻ കോടതി നിയോഗിച്ചു. സുപ്രീംകോടതിയിലെ തലമുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധനാ രാമചന്ദ്രൻ എന്നിവർ സമരക്കാരെ കാണുകയും, അവരുടെ സമരവേദി മറ്റൊരിടത്തേക്ക് മാറ്റാനാകുമോ എന്ന് ചർച്ച ചെയ്യുകയും ചെയ്യും. ദില്ലി നഗരത്തിന്‍റെ ഒരു പ്രധാനഭാഗത്ത് നടക്കുന്ന സമരം, റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതാണെന്നും, നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതാണെന്നും, ആരോപണങ്ങളുയർന്നിരുന്നു. മുതിർന്ന അഭിഭാഷകർക്കൊപ്പം, മുൻ ചീഫ് വിവരാവകാശ കമ്മീഷണറായിരുന്ന വജാഹത്ത് ഹബീബുള്ളയും ചർച്ചയിൽ പങ്കെടുക്കും.

'സമരം ചെയ്യാനുള്ള മൗലികാവകാശം എല്ലാവർക്കുമുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെടുത്താതെ, സമരം തുടരാനുള്ള എന്തെങ്കിലും വഴി സ്വീകരിക്കാവുന്നതല്ലേ?', എന്ന് സുപ്രീംകോടതി.

സമരക്കാർക്ക് തന്നെ മറ്റൊരു വേദി സ്വീകരിക്കാമെന്നും, അത് എവിടെ വേണമെന്ന് അവർക്ക് തീരുമാനിക്കാമെന്നുമാണ് ദില്ലി പൊലീസ് അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചത്. 

പൗരത്വനിയമഭേദഗതിക്ക് എതിരെ ദക്ഷിണദില്ലിയിലെ ഷഹീൻ ബാഗിൽ നൂറ് കണക്കിന് അമ്മമാരാണ് കൊടുംതണുപ്പിനെയും അവഗണിച്ച് സമരത്തിലുള്ളത്. രണ്ട് മാസമായി സമരം തുടരുന്നു. 

സമരം മൂലം, ദില്ലി പൊലീസ് കടുത്ത ഗതാഗതനിയന്ത്രണങ്ങളാണ് സ്ഥലത്ത് ഏർപ്പെടുത്തിയിരുന്നത്. ഗതാഗതം വഴി തിരിച്ചുവിടാൻ ദില്ലി പൊലീസ് വച്ച ബാരിക്കേഡുകൾ കാരണം സ്ഥലത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുവെന്ന് സ്ഥലവാസികളും പരാതിപ്പെട്ടിരുന്നു. സമരം മൂലം സ്ഥലത്തെ പല കടകളും അടച്ചു പൂട്ടേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാരും പരാതിപ്പെട്ടു.

''എല്ലാറ്റിനും പരിധിയും നിയന്ത്രണങ്ങളുമുണ്ട്.  നിങ്ങൾക്ക് പ്രതിഷേധിക്കണോ? അതാവാം. പക്ഷേ, നാളെ മറ്റൊരിടത്ത് വേറെ ഒരു സംഘം ആളുകൾ റോഡ് തടഞ്ഞ് സമരം തുടങ്ങിയാൽ? അത് അനുവദിക്കാനാകില്ല. ഗതാഗതം സുഗമമായി മുന്നോട്ടുപോകുന്ന തരത്തിൽ സമരം തുടരണം'', സുപ്രീംകോടതി പറഞ്ഞു. എല്ലാവരും റോഡ് തടസ്സപ്പെടുത്താൻ തുടങ്ങിയാൽ ആളുകളെവിടെപ്പോകും എന്നതാണ് ഞങ്ങളുടെ വേവലാതി - എന്ന് സുപ്രീംകോടതി.

അതേസമയം, ഗതാഗതം തടസ്സപ്പെടുത്താത്ത രീതിയിൽ പ്രതിഷേധം തുടരാൻ തയ്യാറാണെന്ന് സമരക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകരും വ്യക്തമാക്കി. ഞങ്ങൾക്ക് അൽപം സമയം തന്നാൽ സ്വയം മാറാൻ തയ്യാറാണെന്ന് സമരക്കാരുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു.

അതേസമയം, ദില്ലി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സർക്കാർ പ്രശ്നം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചു. ദില്ലി പൊലീസാകട്ടെ സമരക്കാർ കുഞ്ഞുങ്ങളെ കവചമായി ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്. ഇതോടെയാണ്, മധ്യസ്ഥ ചർച്ചയ്ക്ക് ആളുകളെ നിയോഗിക്കാമെന്ന് സുപ്രീംകോടതി തീരുമാനിച്ചത്.

''ഞങ്ങൾക്ക് പ്രശ്നപരിഹാരമാണ് വേണ്ടത്. ഒന്നും സംഭവിച്ചില്ലെങ്കിൽ, അധികൃതർ പ്രശ്നം പരിഹരിക്കട്ടെ എന്ന നിലപാട് ഞങ്ങളെടുക്കും. അതിന് മുമ്പേ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ'', എന്ന് സുപ്രീംകോടതി.