അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ഉണ്ടായ വൻ തീപിടുത്തത്തില്‍ 19 പേരാണ് മരിച്ചത്. സൂറത്തിലെ സർതാന മേഖലയിലെ ബഹുനിലകെട്ടിടത്തിലാണ് ഇന്നലെ വൈകിട്ടായിരുന്നു തീപിച്ചത്. കെട്ടിടത്തിന്‍റെ മുകളിലത്തെ രണ്ട് നിലകൾ വിദ്യാർത്ഥികളുടെ പരിശീലന കേന്ദ്രമായിരുന്നു. ഇവിടെക്കാണ് തീ ആളിപടർന്നത്.

18വയസിന് താഴെയുള്ള 35 വിദ്യാർത്ഥികളാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി. വലിയ മറ്റൊരു ദുരന്തത്തിന് വഴിയൊരുക്കി. പല വിദ്യാർത്ഥികൾക്കും പരിക്ക് പറ്റി. പിന്നീട് അഗ്നിശമന സേന എത്തി സുരക്ഷിതമായ സജ്ജീകരണങ്ങൾ ഒരുക്കിയതോടെ മറ്റു വിദ്യാർത്ഥികൾ താഴെക്ക് ചാടി രക്ഷപ്പെട്ടു.

എന്നാല്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നു തീപിടിത്തത്തിന്‍റെ ആദ്യ ഘട്ടത്തില്‍ അവിടെ ഉണ്ടായത്. തീപടര്‍ന്ന് പുക പടര്‍ന്നതോടെ വിദ്യാര്‍ത്ഥികളില്‍ പലരും മൂന്നുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. വിദ്യാര്‍ഥികളുടെ കൂട്ടമായുള്ള നിലവിളി അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നാണ് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

ദുരന്തം കണ്ടു നിന്നവരില്‍ പലര്‍ക്കും കടുത്ത മാനസിക സമ്മര്‍ദ്ദവും ദേഹാസ്വാസ്ഥ്യവും വരെ അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒരോരുത്തരായി ചാടുന്നതും അപകടത്തില്‍ പെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

 18 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി ഞെട്ടൽ രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് മനസെന്ന് മോദി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയും, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി.

 ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക്  ചികിത്സ നൽകാൻ എയിംസിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും സൂറത്തിലെ ആശുപത്രികളിൽ നിയോഗിച്ചിട്ടുണ്ട്. ദുരന്തങ്ങളില്‍ നിസഹായമായി നോക്കി നില്‍ക്കേണ്ടി വന്ന അവസ്ഥ അസഹനീയമാണെന്ന് ദൃക്സാക്ഷികളില്‍ പലരും പറയുന്നു.

വീഡിയോ (കാഴ്ച നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം)