സൂറത്ത്: ഒരു വർഷമായി ജോലിയില്ലാതെ കഴിയുന്ന യുവാവ്, പണം ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഭാര്യയെ കൊല്ലാൻ ശ്രമിച്ചു. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ റാൻഡർ സോണൽ ഓഫീസിൽ വെള്ളിയാഴ്ചയാണ് സംഭവം.

ഒരു വർഷമായി ജോലിയില്ലാതെ കഴിയുന്ന അശോക് മോറെ എന്നയാളാണ് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരി കൂടിയായ ഭാര്യ ആരതി മോറെയെ ഓഫീസിലെത്തി കൊല്ലാൻ ശ്രമിച്ചത്.

ജോലി നഷ്ടപ്പെട്ടത് മുതൽ അശോക് മോറെ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടർന്ന് മാസങ്ങളായി ഇരുവരും അകന്ന് താമസിക്കുകയാണ്.

കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ യുവാവ് ആരതിയോട് പണം ചോദിച്ചെങ്കിലും കിട്ടിയില്ല. ഇരവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ സീറ്റിനടിയിൽ നിന്നും എന്തോ എടുക്കാനായി കുനിഞ്ഞ ആരതിയെ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് മുറിക്കുകയായിരുന്നു യുവാവ്. ശേഷം ആരതിയുടെ ഇരു കൈക്കുഴകളിലും കത്തി ഉപയോഗിച്ച് ഇയാൾ മാരകമായി മുറിവേൽപ്പിച്ചു.

ആക്രമണത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. ആരതിയെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. ആരതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. പ്രതിയെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.