ദില്ലി: ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടന്നുപോകുന്നത്. 2014,2019 ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെയാണ് നാളുകള്‍ പിന്നിടുന്നത്. സാമ്പത്തിക പ്രതിസന്ധിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കുമെല്ലാം പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ്. ഇനി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പാര്‍ട്ടിക്കുണ്ടാകുമെങ്കില്‍ അത് പ്രിയങ്ക ഗാന്ധിയിലൂടെ മാത്രമാകും എന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും പുതുതായി പുറത്തുവന്ന സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്.

പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദ നേഷന്‍ (എം ഒ ടി എന്‍)  ഓഗസ്റ്റ് എഡിഷന്‍ സര്‍വ്വെയിലാണ് പ്രിയങ്കയ്ക്ക് മാത്രമാണ് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ശേഷിയുള്ളതെന്ന് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലനില്‍പ്പ് പോലും അപകടത്തിലാണെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 50 ശതമാനം പേരും അഭിപ്രായപ്പെട്ടു. പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 13 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഹുല്‍ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും സര്‍വ്വെ പറയുന്നു. ഒരു മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കിയുള്ള തീരുമാനം വന്നെങ്കിലും അത് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവരും കുറവാണ്. കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ശേഷിയുള്ളത് പ്രിയങ്കയ്ക്കാണെന്നാണ് കൂടുതല്‍ പേരും പറഞ്ഞത്.

ഇടക്കാല അധ്യക്ഷ സോണിയക്ക് 7 ശതമാനം പേരുടെ പിന്തുണ മാത്രം ലഭിച്ചപ്പോള്‍ പ്രിയങ്കയ്ക്ക് ഇരട്ടിയിലധികം പേരാണ് പിന്തുണ നല്‍കിയത്. 15 ശതമാനം പേരാണ് പ്രിയങ്ക, കോണ്‍ഗ്രസിനെ രക്ഷിക്കുമെന്ന് അഭിപ്രായപ്പെട്ടത്. രാഹുല്‍ ഗാന്ധിയാകും മികച്ചതെന്ന് 11 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.