2016 ഓഗസ്റ്റ് 12നാണ് രാജേഷ് ശര്‍മ്മ എന്ന ട്വിറ്റര്‍ ഉപയോക്താവ് ആ ട്വീറ്റ് പങ്കുവച്ചത്. പ്രഛന്നവേഷ മത്സരത്തില്‍ പങ്കെടുത്ത തന്‍റെ മകള്‍ റിയയുടെ ചിത്രമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. പര്‍പ്പിള്‍ നിറത്തിലുള്ള സാരിയും ഫാഫ് ജാക്കറ്റും മെറൂണ്‍ നിറത്തിലുള്ള വലിയ പൊട്ടും ബിജെപിയുടെ ഷാളും അണിഞ്ഞ ആ കൊച്ചുമിടുക്കിയുടെ ചിത്രത്തിന് അച്ഛന്‍ നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. "എന്‍റെ മകള്‍, പ്രഛന്നവേഷ മത്സരം, ദേശീയ നേതാവ്, സുഷമ സ്വരാജ്!"

അത്രമേല്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ടായിരുന്നു സുഷമ സ്വരാജ് എന്ന വനിതാ നേതാവിന്. പ്രായഭേദമന്യേ എല്ലാവരും അവരെ സ്നേഹിച്ചു. സുഷമ സ്വരാജ് എന്നു കേള്‍ക്കുമ്പോഴേ ആ വലിയ വട്ടപ്പൊട്ടും മുക്കൂത്തിയും നിറഞ്ഞ പുഞ്ചിരിയും എല്ലാവരുടെയും മനസുകളിലേക്കെത്തി. ഹൈന്ദവസ്ത്രീത്വത്തിന്‍റെ ബിംബം എന്നാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷ് സുഷമയെ വിശേഷിപ്പിച്ചത്. 1998ലായിരുന്നു അത്. വട്ടപ്പൊട്ടും സിന്ദൂരവും കഴുത്തിലെ മംഗല്യസൂത്രവും ഭംഗിയില്‍ ഞൊറിഞ്ഞുടുത്ത സാരിയും മുക്കൂത്തിയും സുഷമയ്ക്ക് അങ്ങനെയൊരും പ്രതിഛായ നല്‍കുന്നു എന്നാണ് സാഗരിക നിരീക്ഷിച്ചത്. 

നിലപാടുകളിലെ കാര്‍ക്കശ്യത്തെ പെരുമാറ്റത്തിലെ സൗമ്യത കൊണ്ടു മറികടന്ന സുഷമയുടെ സ്നേഹത്തിനും വാത്സല്യത്തിനുമൊപ്പം ആ വട്ടപ്പൊട്ടും മൂക്കുത്തിയും അവരെ ജനമനസ്സുകളിലെ പ്രിയപ്പെട്ട സാന്നിധ്യമാക്കി. അതുതന്നെയാണ് സുഷമയെപ്പോലെയാകാന്‍ പലരെയും പ്രേരിപ്പിച്ചതും. എന്തായാലും, തന്നെപ്പോലെ വേഷമിട്ട റിയയുടെ ചിത്രം സുഷമ സ്വരാജിന്‍റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ വന്നു ട്വിറ്ററില്‍ പ്രതികരണം. "എനിക്കാ ജാക്കറ്റ് ഒരുപാടിഷ്ടമായി"