Asianet News MalayalamAsianet News Malayalam

'ജീവിതാവസാനത്തിന് മുമ്പ് കാണാനാഗ്രഹിച്ച ദിവസം'; സുഷമയുടെ അവസാന ട്വീറ്റ് കണ്ണു നനയ്ക്കുന്നു

വിദേശ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ട്വിറ്ററിലൂടെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ഏവരുടെയും പ്രിയങ്കരിയായി മാറിയ സുഷമ ഏറ്റവുമൊടുവിലായി ട്വിറ്റ് ചെയ്തത് കശ്മീര്‍ വിഭജന ബില്ലിനെക്കുറിച്ചാണ്

Sushma Swaraj latest tweet
Author
New Delhi, First Published Aug 6, 2019, 11:33 PM IST

ദില്ലി: മുൻ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഹൃദയാഘാതം മൂലം അന്തരിച്ചതിന്‍റെ വേദനയാണ് രാജ്യത്ത് നിറയുന്നത്. ആ​രോ​ഗ്യനില അതീവ ​ഗുരുതരമായതിനെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു ഇന്ത്യയുടെ പ്രിയപ്പെട്ട വിദേശകാര്യമന്ത്രിക്ക് ജീവന്‍ നഷ്ടമായത്. സുഷമയുടെ മരണവാര്‍ത്ത പോലെ തന്നെ ഏവരെയും വേദനിപ്പിക്കുന്നതാണ് അവരുടെ അവസാന ട്വീറ്റും.

വിദേശ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ട്വിറ്ററിലൂടെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ഏവരുടെയും പ്രിയങ്കരിയായി മാറിയ സുഷമ ഏറ്റവുമൊടുവിലായി ട്വിറ്റ് ചെയ്തത് കശ്മീര്‍ വിഭജന ബില്ലിനെക്കുറിച്ചാണ്. ജീവിതകാലത്ത് കാണാനാഗ്രഹിച്ച ദിവസം എന്നാണ് മോദിയെ അഭിനന്ദിച്ചുള്ള ട്വീറ്റില്‍ സുഷമ കുറിച്ചത്.

പ്രധാനമന്ത്രിയോട് വളരെയധികം നന്ദിയുണ്ടെന്ന് കുറിച്ച ട്വീറ്റില്‍ കശ്മീരിലെ സര്‍ക്കാര്‍ നടപടിയിലെ സന്തോഷമാണ് പ്രകടിപ്പിക്കപ്പെട്ടത്. രാത്രിയോടെ അവര്‍ ജീവിതത്തില്‍ നിന്ന് യാത്രയാകുമ്പോള്‍ ആ ട്വീറ്റില്‍ നോക്കി കണ്ണീര്‍ പൊഴിക്കുകയാണ് സുഷമയെ അത്രയേറെ സ്നേഹിച്ചിരുന്നവരെല്ലാം.

 

 

നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു സുഷമ.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു. പതിനഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രി.

 

Follow Us:
Download App:
  • android
  • ios