അമിത് ഷാ അടക്കം നേതാക്കളുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. നാളെ നിലപാട് പരസ്യമാക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ടിവികെ സർക്കാരിനെ വിമർശിച്ച് അണ്ണാമലൈ എക്സിൽ കുറിപ്പിട്ടു.
ചെന്നൈ: പാർട്ടി വിടാനുള്ള താത്പര്യം ബിജെപി നേതൃത്വത്തെ അറിയിച്ച് കെ അണ്ണാമലൈ. അമിത് ഷാ അടക്കം നേതാക്കളുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഒരു ദിവസം കൂടി ദില്ലിയിൽ തങ്ങണമെന്ന് അമിത് ഷാ മറുപടി നൽകിയതായി അണ്ണാമലൈയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. നാളെ നിലപാട് പരസ്യമാക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ടിവികെ സർക്കാരിനെ വിമർശിച്ച് അണ്ണാമലൈ എക്സിൽ കുറിപ്പിട്ടു.
കെ അണ്ണാമലൈ ബിജെപിക്ക് അകത്തോ പുറത്തോ- രണ്ട് ദിവസം കാത്തിരിക്കാൻ ചെന്നൈയിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് ശേഷം ദില്ലിയിലെത്തിയ അണ്ണാമലൈ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായി രാവിലെ കൂടിക്കാഴ്ച നടത്തി. അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പിലെ തിടുക്കത്തിലുള്ള സീറ്റ് വിഭജനത്തിലും തനിക്കുള്ള അതൃപ്തി തുറന്നു പറഞ്ഞ അണ്ണാമലൈ, പാർട്ടി ചുമതലകൾ ഒഴിഞ്ഞ് പുതിയ സംഘടന രൂപീകരിക്കാനുള്ള താത്പര്യം അറിയിച്ചെന്നാണ് സൂചന. അഞ്ച് പേജുള്ള രാജിക്കത്ത് നവീന് കൈമാറിയെന്ന് ദേശീയ ചാനലുകൾ റിപ്പോർട്ട് ചെയ്തെങ്കിലും അണ്ണാമലൈ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ടാക്സി കാറിൽ അമിത് ഷായുടെ വസതിയിലെത്തിയ അണ്ണാമലൈ, നേതാക്കളോട് ആദരവ് മാത്രമാണ് ഉള്ളതെന്നും എന്നാൽ തമിഴ്നാട് ബിജെപിയിൽ തുടരാനാകില്ലെന്നും വ്യക്തമാക്കി. ഒരു ദിവസം കൂടി ദില്ലിയിൽ തങ്ങണമെന്ന് അമിത് ഷാ മറുപടി നൽകിയതായി അണ്ണാമലൈയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ദേശീയ കാഴ്ചപ്പാടുള്ള മതേതര, പ്രാദേശിക പാർട്ടി എട്ട് മാസത്തിനുള്ളിൽ തുടങ്ങാനാണ് താത്പര്യമെന്നും 2031ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്‍യുടെ മുഖ്യ എതിരാളിയായി മാറാൻ കഴിയുമെന്നും അടുപ്പമുള്ളവരോട് അണ്ണാമലൈ പറഞ്ഞിരുന്നു. വിജയ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിലൂന്നി വിമർശനം കടുപ്പിക്കാനാണ് അണ്ണാമലൈയുടെ ശ്രമം. തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് ടിവികെ പ്രാദേശിക നേതാക്കൾ അറസ്റ്റിലായ സംഭവം ചൂണ്ടിക്കാട്ടി അണ്ണാമലൈ എക്സിൽ പ്രതികരിച്ചിട്ടുണ്ട്. അതേസമയം അണ്ണാമലൈയുടെ ദില്ലി സന്ദർശനത്തിന്‍റെ ക്ലൈമാക്സ് എന്താകുമെന്ന് പ്രവചിക്കാനാകില്ലെന്നാണ് തമിഴ്നാട്ടിലെ ബിജെപി നേതാക്കളുടെ അനൌദ്യോഗിക പ്രതികരണം.



