ഭാര്യയെ നടുറോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി പൊലീസുകാരൻ. ഡൽഹി പൊലീസിലെ കോൺസ്റ്റബിളായ മനീഷ്(32) ആണ് ഭാര്യ പ്രിയങ്ക ഭാട്ടി(34)യെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒളിവിൽപോയ ഇയാൾക്കായി ഹരിയാണയിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ന്യൂഡൽഹി: ഭാര്യയെ നടുറോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി പൊലീസുകാരൻ. ഡൽഹി പൊലീസിലെ കോൺസ്റ്റബിളായ മനീഷ്(32) ആണ് ഭാര്യ പ്രിയങ്ക ഭാട്ടി(34)യെ വെടിവെച്ച് കൊലപ്പെടുത്തിയത്. സർവീസ് പിസ്റ്റൾ ഉപയോ​ഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും ഒളിവിൽപോയ ഇയാൾക്കായി ഹരിയാണയിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ കല്യാൺപുരി മെട്രോ പില്ലറിന് സമീപത്തായിരുന്നു സംഭവം. പ്രിയങ്കയും ഭർത്താവ് മനീഷും ഈസ്റ്റ് വിനോദ് ന​ഗറിലാണ് താമസം. കൊല്ലപ്പെട്ട പ്രിയങ്ക ന​ഗരത്തിലെ സ്വകാര്യ സ്കൂളിൽ കംപ്യൂട്ടർ സയൻസ് അധ്യാപികയായിരുന്നു. ഞായറാഴ്ചയായിരുന്നു പ്രിയങ്കയുടെ 34-ാം ജന്മദിനം. പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് യുവതി കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരിൽ മനീഷ് പ്രിയങ്കയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. സംഭവദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, പ്രിയങ്കയ്ക്ക് തലയ്ക്ക് പരിക്കേറ്റെന്നാണ് കരുതുന്നത്. തുടർന്ന് പ്രിയങ്കയെ ഡോക്ടറെ കാണിക്കാനായാണ് ദമ്പതിമാർ പുലർച്ചെ സ്കൂട്ടറുമായി ഇറങ്ങിയത്. എൽബിഎസ് ആശുപത്രിയിലേക്കായിരുന്നു യാത്ര. എന്നാൽ, ആശുപത്രിയിൽ എത്തുംമുൻപേ വീണ്ടും ഇരുവരും തമ്മിൽ വഴക്കുണ്ടായി. സ്കൂട്ടർ നിർത്തിയ പ്രതി ഇതിനുപിന്നാലെയാണ് ഭാര്യയെ സർവീസ് പിസ്റ്റൾ ഉപയോ​ഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിനുശേഷം മനീഷ് സ്കൂട്ടറുമായി വീട്ടിലേക്കാണ് പോയത്. ഇവിടെനിന്ന് ഇയാൾ മുങ്ങുകയായിരുന്നു. സ്വന്തം മൊബൈൽഫോൺ വീട്ടിൽ ഉപേക്ഷിച്ചശേഷം ഭാര്യയുടെ മൊബൈൽഫോണും കൈക്കലാക്കിയാണ് പ്രതി കടന്നുകളഞ്ഞതെന്നും പൊലീസ് പറഞ്ഞു.

അതിനിടെ, നടുറോഡിൽ വെടിയേറ്റ് വീണ യുവതിയെ പിസ ഡെലിവറി ജീവനക്കാരനും ഓട്ടോറിക്ഷാ ഡ്രൈവറും ചേർന്നാണ് ആശപത്രിയിൽ എത്തിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.

ഏഴുവർഷം മുൻപാണ് മനീഷും പ്രിയങ്കയും വിവാഹിതരായത്. 2022-ലാണ് പ്രതി ഡൽഹി പൊലീസിൽ ജോലിയിൽ പ്രവേശിച്ചത്. ആദ്യം സ്പെഷ്യൽ സെല്ലിലായിരുന്നു. പിന്നീട് ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡിലായി. സംഭവത്തിൽ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയതായി ഡിസിപി രാജീവ് കുമാർ പറഞ്ഞു.